
ബംഗലൂരു∙ നീന്തൽ ചാംപ്യൻഷിപ്പിനിടെ വനിതാ നീന്തൽത്താരങ്ങളുടെ വിഡിയോ രഹസ്യമായി പകർത്തിയ സംഭവത്തിൽ അർജുന പുരസ്കാര ജേതാവും പാരാ നീന്തൽതാരവുമായ പ്രശാന്ത കർമാകറിനെ മൂന്നു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. തന്റെ സഹായികളിലൊരാൾക്കു ക്യാമറ നൽകി വനിതാ നീന്തൽ താരങ്ങളുടെ വിഡിയോ പകർത്താൻ കർമാകർ നിർദ്ദേശിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പരാപാരാലിംപിക് കമ്മിറ്റി ഓഫ് ഇന്ത്യയാണു നടപടി എടുത്തത്. 2017 മാർച്ച് 31 മുതൽ ഏപ്രിൽ മൂന്നു വരെ ജയ്പുരിൽ നടന്ന ദേശീയ പാരാ നീന്തൽ ചാംപ്യൻഷിപ്പിനിടെയാണ് വിവാദ സംഭവം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ടു രേഖാമൂലം പരാതി ലഭിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയതിനാലാണു നടപടിയെടുക്കുന്നതെന്നു പിസിഐ പ്രസ്താവനയിൽ അറിയിച്ചു.
പാരാലിംപിക് കമ്മിറ്റി ഓഫ് ഇന്ത്യ നടത്തിയ തെളിവെടുപ്പിൽ കർമാകറിന്റെ നിർദ്ദേശപ്രകാരമാണു വിഡിയോ ചിത്രീകരിച്ചതെന്നു സഹായി വെളിപ്പെടുത്തിയിരുന്നു. വിഡിയോ പകർത്തുന്നതു തടയാൻ ശ്രമിച്ച വനിതാ നീന്തൽ താരങ്ങളുടെ മാതാപിതാക്കളോട് പ്രശാന്ത കര്‍മാക്കര്‍ തട്ടിക്കയറാൻ ശ്രമിച്ചെന്നും പരാതിയുണ്ടായിരുന്നു. നീന്തൽ താരങ്ങളുടെ മാതാപിതാക്കൾ ഇടപെട്ടതോടെ സഹായി ചിത്രീകരണം നിർത്തിയെങ്കിലും പിന്നീട് കർമാകർ നേരിട്ട് വിഡിയോ പകർത്തിയതായും പരാതി ഉണ്ടായിരുന്നു. ഇതിനെതിരെ താരങ്ങളും മാതാപിതാക്കളും പ്രതികരിച്ചെങ്കിലും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ഇയാൾ വിസമ്മതിച്ചു. ഇതോടെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും വിഡിയോ ഡിലീറ്റ് ചെയ്യാമെന്നും ഇത്തരം നടപടി മേലിൽ ഉണ്ടാകില്ലെന്നും ഉറപ്പുനൽകിയതിനെ തുടർന്നു വിട്ടയയ്ക്കുകയായിരുന്നു.
ലോക പാരാ നീന്തൽ ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും മെഡൽ സ്വന്തമാക്കുകയും ചെയ്ത ആദ്യ നീന്തൽത്താരമാണു കർമാകർ. 2016ലെ റിയോ പാരാലിംപിക്സിൽ ഇന്ത്യൻ നീന്തൽ പരിശീലകനുമായിരുന്നു ഈ മുപ്പത്തിയേഴുകാരൻ. അർജുന അവാർഡിനു പുറമെ മേജർ ധ്യാന്‍ചന്ദ് അവാർഡ് (2015), ഭീം അവാർഡ് (2014), 2009ലും 2011ലും മികച്ച നീന്തൽത്താരം തുടങ്ങിയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!