ഇന്ത്യ- ഓസീസ് ഏകദിന പരമ്പരയില്‍ കാണേണ്ട പോരാട്ടങ്ങള്‍

By Web DeskFirst Published Sep 16, 2017, 2:41 PM IST
Highlights

നിലവിലെ മികച്ച ടീമുകള്‍ ഏറ്റുമുട്ടുന്നതിന്‍റെ വീറും വാശിയും മാത്രമല്ല ഇന്ത്യ- ഓസീസ് ഏകദിന പരമ്പരയ്ക്കുള്ളത്. ക്രിക്കറ്റില്‍ ഓസീസിനെ തോല്‍പിക്കണമെങ്കില്‍ കളിമികവ് മാത്രം മതിയാവില്ല. മാനസികമായി എതിരാളിയെ കീഴ്പ്പെടുത്താറുള്ള ഓസീസിനെ ഇന്ത്യ നേരിടുമ്പോള്‍ മല്‍സരം കടുക്കും. 

ഡേവിഡ് വാര്‍ണര്‍- ഉമേഷ് യാദവ്
അപകടകാരിയായ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറിനെ പുറത്താക്കുക എളുപ്പമല്ല. അതിനാല്‍ ആദ്യ ഓവറില്‍ തന്നെ വാര്‍ണറെ ഡ്രസിംഗ് റൂമിലേക്ക് പറഞ്ഞയയ്ക്കാനാണ് ഉമേഷ് യാദവ് ആഗ്രഹിക്കുക. ഉമേഷിന്‍റെ 145 കി.മിയിലേറെ വേഗമുള്ള പന്തുകള്‍ക്ക് അതിന് കഴിയുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ. എന്നാല്‍ ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡുള്ള വാര്‍ണര്‍ വെറുതെയിരിക്കില്ല. വാര്‍ണറിനെ പ്രകോപിപ്പിച്ചാല്‍ ഉമേഷിനെ കാത്തിരിക്കുന്നത് അതിര്‍ത്തികടക്കുന്ന പന്തുകളായിരിക്കും.

സ്റ്റീവ് സ്മിത്ത്- ഭുവനേശ്വര്‍ കുമാര്‍
ഓസീസിന്‍റെ മികച്ച ബാറ്റ്സ്മാനും ഇന്ത്യയുടെ കൃത്യതയാര്‍ന്ന ബോളറും തമ്മിലുള്ള പോരാട്ടം. മൂന്നാം നമ്പറിലെ ഓസീസ് വന്‍മതില്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയില്ലെങ്കില്‍ ഇന്ത്യ വിയര്‍ക്കുമെന്നുറപ്പ്. അതിനാല്‍ ഭുവനേശ്വറിനാണ് സ്മിത്തിനെ പുറത്താക്കാനുള്ള ചുമതല. മധ്യ ഓവറുകളില്‍ സ്മിത്ത് ഉയര്‍ത്താന്‍ സാധ്യതയുള്ള ഭീഷണി മറികടക്കാന്‍ ഭുവനേശ്വറിന്‍റെ കൃത്യതയും സ്വിംഗറുകളും പ്രയോജനപ്പെട്ടേക്കും. 

പാറ്റ് കമ്മിന്‍സ്- വിരാട് കോലി
കോലിയെ പുറത്താക്കിയാല്‍ വിജയിക്കാമെന്ന മുന്‍താരങ്ങളുടെ ഉപദേശം ഓസീസ് മറക്കില്ല.  അതിനാല്‍ തങ്ങളുടെ മികച്ച ബോളറെ ഉപയോഗിച്ച് വിക്കറ്റ് കൊയ്യാനാണ് സ്മിത്ത് തന്ത്രങ്ങള്‍ മെനയുന്നത്. കമ്മിണ്‍സിന്‍റെ വേഗമേറിയ യോര്‍ക്കറുകളാണ് കോലിക്കായുള്ള ഓസീസ് കരുതല്‍. എന്നാല്‍ ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ മിന്നും ഫോമിലായിരുന്ന കോലിയെ വിറപ്പിക്കുക കമ്മിന്‍സിന് എളുപ്പമാകില്ല. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ കോലിയെ പ്രതിരോധിക്കാന്‍ പാറ്റ് കമ്മിന്‍സിന്‍റെ തീപ്പന്തുകള്‍ക്ക് ആകുമോന്ന് കാത്തിരുന്നു കാണാം.

കോള്‍ട്ടര്‍ നൈല്‍- രോഹിത് ശര്‍മ്മ 
ഇന്ത്യയുടെ ഹിറ്റ്മാനും ബിഗ്ബാഷ് വിക്കറ്റ് വേട്ടക്കാരനും തമ്മിലുള്ള പോരാട്ടം. സ്റ്റാര്‍ക്കും ഹെയ്സല്‍വുഡും കളിക്കാത്ത സാഹചര്യത്തില്‍ കോള്‍ട്ടര്‍ നൈലിന് രോഹിതിനെ നിയന്ത്രിക്കുക എളുപ്പമാകില്ല. എന്നാല്‍ ബിഗ്ബാഷിലെ തകര്‍പ്പന്‍ പ്രകടനത്തിന്‍റെ ആത്മവിശ്വാസത്തില്‍ ഇതിനെ മറികടക്കാനാകും കോള്‍ട്ടര്‍ നൈലിന്‍റെ ശ്രമം. അതേസമയം ശ്രീലങ്കന്‍ പര്യടനത്തിലെ ഫോം തുടരാനാകും രോഹിത് ബാറ്റേന്തുക.

ജസ്‌പ്രിത്‌ ബൂമ്ര- ഗ്ലെന്‍ മാക്സ്‌വെ‌ല്‍
ഇന്ത്യ- ഓസീസ് പരമ്പരയിലെ മൂര്‍ച്ചയറിയ പോരാട്ടങ്ങളിലൊന്ന്. യോര്‍ക്കറുകള്‍ കൊണ്ട് ബുമ്രയും സിക്സറുകള്‍ കൊണ്ട് മാക്സ്‌വെ‌ല്ലും അങ്കത്തിനിറങ്ങുമ്പോള്‍ മൂര്‍ച്ച കൂട്ടാന്‍ വാക്പോരുമുണ്ടാകും. കാട് വെട്ടുന്നവ ലാഘവത്തില്‍ എതിരാളിയെ അടിച്ചു പറത്തുന്ന മാക്സ്‌വെല്ലിന് ബൂമ്രയുടെ അപ്രതീക്ഷിത യോര്‍ക്കറുകളും വേഗവുമാണ് മറുപടി. 

click me!