സൗകര്യങ്ങളില്ല; മൂന്നാര്‍ ഹൈ ഓള്‍ട്ടിറ്റ്യൂഡ് സെന്ററില്‍ നിന്ന് താരങ്ങള്‍ മടങ്ങി

By Web DeskFirst Published Jul 21, 2016, 5:00 AM IST
Highlights

ഇടുക്കി: അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനെത്തുടര്‍ന്ന് മൂന്നാ‍ര്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് കായിക കേന്ദ്രത്തിലെ പരിശീലനം മതിയാക്കി താരങ്ങള്‍ മടങ്ങി. ചോര്‍ന്നൊലിക്കുന്ന കിടപ്പുമുറികളും വൃത്തിഹീനമായ ശുചിമുറികളും കണ്ട്, മാതാപിതാക്കള്‍ തന്നെയാണ് കുട്ടികളെ തിരിച്ചുകൊണ്ടുപോയത്. ആരും തിരിഞ്ഞ് നോക്കാനില്ലാതെ വന്നതോടെയാണ് കായികകേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയത്.

അന്താരാഷ്‌ട്ര നിലവാരം വാഗ്ദ്ധാനം ചെയ്ത മൂന്നാറിലെ ഹൈ ഓള്‍ട്ടിറ്റ്യൂഡ് കായിക പരിശീലന കേന്ദ്രം. ഇവിടെ താമസിച്ച് പരിശീലനം നടത്തിയിരുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 14 ഫുട്ബോള്‍ താരങ്ങളായിരുന്നു. ഒളിമ്പിക്സ് പരിശീലന കേന്ദ്രമാകുമെന്ന് വരെ സ്വപ്നം കണ്ട ഈ സെന്ററിലെ താമസം മതിയാക്കി 14 പേരും മടങ്ങുകയാണ്.

സെന്ററിന്റെ മേല്‍ക്കൂരകള്‍ തകര്‍‍ന്നു. കുട്ടികള്‍ കിടക്കുന്ന സ്ഥലം ചോര്‍ന്നൊലിക്കുന്നു. മൂക്കുപൊത്താതെ ശുചിമുറിയില്‍ കയറാനാവില്ല. കുട്ടികള്‍ കുളിക്കുന്നത് സമീപത്തെ തോട്ടില്‍. ഇതൊക്കെ പലവട്ടം അധികൃതരോട് പരാതിപ്പെട്ടതാണ്. മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു. പക്ഷേ ആരും തിരിഞ്ഞുനോക്കാതെ വന്നതോടെ കുട്ടികള്‍ മാതാപിതാക്കളെ വിവരമറിയിച്ചു.

ഇതൊക്കെ നേരില്‍ കണ്ട് അവര്‍ കുട്ടികളെ തിരിച്ചുകൊണ്ടുപോവുകയാണ്. അന്തര്‍ദേശീയ നിലവാരം വാഗ്ദ്ധാനം ചെയ്ത് കൊണ്ടുവന്ന കുട്ടികളെ സര്‍ക്കാരും സ്‌പോര്‍ട്സ് കൗണ്‍സിലും പറഞ്ഞ് പറ്റിച്ചെന്ന് ചുരുക്കം. ഉദ്ഘാടനം കഴിഞ്ഞ് 8 വര്‍ഷമായിട്ടും ഈ സെന്റര്‍ ആര്‍ക്കും കാര്യമായി പ്രയോജനപ്പെട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

 

click me!