
ശ്രീലങ്കയ്ക്കെതിരെ ലോകറെക്കോര്‍ഡ് പ്രകടനവുമായി രോഹിത് ശര്‍മ്മ നിറഞ്ഞാടിയ ദിവസം തന്നെയാണ് ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാംപ്യൻസ് എന്ന ടിവി പരിപാടി സംപ്രേക്ഷണം ചെയ്തത്. ഗൗരവ് കപൂറിനൊപ്പം ജീവിതത്തിലെ അധികമാര്‍ക്കും അറിയാത്ത രസകരമായ ചില നിമിഷങ്ങള്‍ രോഹിത് പങ്കുവെച്ചു. ക്രിക്കറ്റിന് അമിത പ്രാധാന്യം നൽകിയിരുന്ന കുടുംബമാണ് രോഹിതിന്റേത്. കുടുംബത്തിലെ മിക്കവരും സ്‌കൂള്‍-കോളേജ് തലത്തിലെങ്കിലും ക്രിക്കറ്റ് കളിച്ചിട്ടുള്ളവരാണ്. എന്നാൽ ദേശീയതാരമായത് രോഹിത് ശര്‍മ്മ മാത്രമാണ്. കുട്ടിക്കാലം മുതൽക്കേ ഹൗസിങ് കോളിനിയിലെ ചെറിയ സ്ഥലത്ത് രോഹിതും കൂട്ടുകാരും സ്‌കൂളില്ലാത്തപ്പോഴെല്ലാം ക്രിക്കറ്റ് കളി പതിവായിരുന്നു. ദിവസം സമീപത്തെ ഒരു വീടിന്റെ ജനൽ ചില്ലെങ്കിലും പൊട്ടിക്കുകയെന്ന മനോഹരമായ ആചാരം രോഹിത് തെറ്റിക്കാറില്ലായിരുന്നു. സമീപവാസികള്‍ക്ക് രോഹിതിന്റെ സിക്‌സറുകള്‍ ശല്യമായി മാറുകയായിരുന്നു. അങ്ങനെയിരിക്കെയാണ്, രോഹിത് ശര്‍മ്മയെക്കുറിച്ച് പൊലീസിന് പരാതി ലഭിക്കുന്നത്. ഒരുതവണ പൊലീസ് സ്ഥലത്തെത്തി രോഹിത് ശര്‍മ്മയെ പിടിച്ചു വിരട്ടി. ഇനി ആരുടെയെങ്കിലും ജനൽ ചില്ല് പൊട്ടിച്ചാൽ ജയിലിലടയ്‌ക്കുമെന്നായിരുന്നു പൊലീസ് ഭീഷണി. എന്നാൽ കൃത്യം പിറ്റേദിവസം വീണ്ടും ഒരു വീടിന്റെ ജനൽ ചില്ല് രോഹിതിന്റെ സിക്‌സര്‍ തകര്‍ത്തു. ഉടൻതന്നെ പൊലീസ് സംഘം സ്ഥലത്തെത്തി. രോഹിതിനെ പൊലീസുകാര്‍ നന്നായി വിരട്ടി. ഇതോടെയാണ് ഹൗസിങ് കോളനിയിലെ കളി രോഹിതും കൂട്ടുകാരും മതിയാക്കിയത്. പിറ്റേദിവസം മുതൽ വീടിന് അടുത്തുള്ള മൈതാനത്തേക്ക് കളി മാറ്റി. എന്നാൽ സിക്‌സറടിക്കുന്നതിന് ഒരു കുറവും വരുത്താൻ രോഹിത് കൂട്ടാക്കിയിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!