പോഗ്ബ ബാഴ്സയിലേക്ക് ?; അതീവ രഹസ്യമായ നീക്കങ്ങള്‍ പുറത്ത്

By Web TeamFirst Published Aug 2, 2018, 1:21 PM IST
Highlights

ലോകകപ്പ് ഫ്രാന്‍സിന് നേടികൊടുത്തതില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു പോള്‍ പോഗ്ബ

റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സ് മുത്തമിട്ടതോടെ മധ്യനിരയില്‍ കളി മെനഞ്ഞ പോള്‍ പോഗ്ബയുടെ താരമൂല്യം വര്‍ദ്ധിച്ചിരുന്നു. സാക്ഷാല്‍ ലിയോണല്‍ മെസി തന്നെ പോഗ്ബ ബാര്‍സിലോണയില്‍ ഒപ്പം കളിക്കാന്‍ വേണമെന്ന ആവശ്യം ക്ലബ് അധികൃതര്‍ക്ക് മുന്നില്‍ വച്ചിരുന്നു.

ഇപ്പോഴിതാ മെസിയുടെ ആഗ്രഹം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നുവെന്നാണ് വ്യക്തമാകുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെയും ഫ്രാന്‍സിന്‍റെയും മിഡ്ഫീല്‍ഡ് ജനറലുടെ റോളില്‍ തിളങ്ങുന്ന പോഗ്ബ അധികം വൈകാതെ ബാഴ്സയുടെ കുപ്പായമണിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോഗ്ബ ബാഴ്സലോണ അധികൃതരുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്ന് പ്രശസ്ത ഇംഗ്ലിഷ് മാധ്യമമായ മിററാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ബാഴ്സയുടെ ടെക്നിക്കല്‍ ഡയറക്ടറും മുന്‍ ഫ്രഞ്ച് താരവുമായ എറിക് അബിദാലുമായി കൂടിക്കാഴ്ച നടത്തിയ പോഗ്ബ ഉടന്‍ തന്നെ കരാറിലൊപ്പിടുമെന്നാണ് സൂചന.

പോഗ്ബയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത എറിക്ക് അബിദാല്‍ നിഷേധിച്ചിട്ടുണ്ട്. പുതിയ സീസണുകളില്‍ ലോകത്തര താരങ്ങളെ പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറെ സീസണുകളായി ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാനാകാത്ത നിരാശ ഇക്കുറി മാറ്റാനുള്ള ഉറച്ച നീക്കത്തിലാണ് ബാഴ്സലോണ അധികൃതര്‍. പോഗ്ബയെയും ബ്രസീല്‍ താരം വില്യാനെയുമാണ് കറ്റാലന്‍ വമ്പന്‍മാര്‍ നോട്ടമിട്ടിരിക്കുന്നത്. ട്രാന്‍സ്ഫര്‍ വിപണി സജീവമായ സ്ഥിതിക്ക് ഇവരിലൊരാള്‍ ന്യൂകാമ്പിലെത്തുമെന്നുറപ്പാണെന്നാണ് ആരാധകരുടെ പക്ഷം.

click me!