ഫുട്സാല്‍ ലീഗിന് വെള്ളിയാഴ്ച ചെന്നൈയില്‍ കിക്കോഫ്

By Web DeskFirst Published Jul 13, 2016, 4:56 PM IST
Highlights

ചെന്നൈ: കുട്ടി ഫുട്ബോളെന്നറിയപ്പെടുന്ന പ്രീമിയര്‍ ഫുട്സാല്‍ ലീഗിന്  വെള്ളിയാഴ്ച  ചെന്നൈയില്‍ കിക്കോഫ്. കേരളത്തില്‍ നിന്നുള്ള കൊച്ചിന്‍ ഫൈവ്സ് അടക്കം എട്ട് ടീമുകളാണ് ലീഗില്‍ കളിയ്‌ക്കുക. അഞ്ച് പേര്‍ വീതമുള്ള ടീമുകള്‍. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇരുപകുതികളിലായി ഇരുപത് മിനിറ്റ് വീതം മത്സരങ്ങള്‍. ബാക്കിയെല്ലാം ഫുട്ബോള്‍ പോലെ. കുട്ടി ഫുട്ബോളെന്നറിയപ്പെടുന്ന ഫുട്സാലിന്റെ കളിരീതികള്‍ ഇങ്ങനെയൊക്കെയാണ്.

പോര്‍ച്ചുഗലിന്റെ ഇതിഹാസതാരം ലൂയി ഫിഗോയുടെ നേതൃത്വത്തിലുള്ള കമ്പനി സംഘടിപ്പിയ്‌ക്കുന്ന ഇന്ത്യയിലെ ആദ്യ ഫുട്സാല്‍ ലീഗില്‍ കൊച്ചി ഉള്‍പ്പടെ ഇന്ത്യയിലെ ആറ് നഗരങ്ങളെ പ്രതിനിധീകരിക്കുന്നവയാണ് എട്ട് ടീമുകള്‍. എട്ടു ദിവസങ്ങളിലായി പതിമൂന്ന് മത്സരങ്ങളാണുണ്ടാകുക.

ഫുട്സാലിലെ പെലെ എന്നറിയപ്പെടുന്ന ഫാല്‍ക്കാവോ ഉള്‍പ്പടെയുള്ള രാജ്യാന്തര താരനിര വിവിധ ടീമുകള്‍ക്കായി എത്തുന്നുണ്ട്. വൈക്കിംഗ് വെഞ്ചേര്‍സ് ലിമിറ്റഡ് എന്ന കമ്പനിയാണ് കൊച്ചിന്‍ ഫൈവ്സിന്റെ ഉടമ. ടൂര്‍ണമെന്റ് അനധികൃതമാണെന്ന് നേരത്തേ ദേശീയ ഫുട്ബോള്‍ ഫെ‍ഡറേഷന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ലീഗ് ഇന്ത്യയില്‍ വിലക്കിയ എഐഎഫ്എഫിന്റെ നടപടി നിയമപരമല്ലെന്നും കളി മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.

മുന്‍ പോര്‍ച്ചുഗീസ് താരം ഡെക്കോ ഫുട്സാലില്‍ നിന്ന് പിന്‍മാറിയത് പരിക്കിനെത്തുടര്‍ന്നാണെന്നും വിവാദങ്ങള്‍ ലീഗിന്റെ സ്‌പോണ്‍സര്‍ഷിപ്പിനെ ബാധിച്ചിട്ടില്ലെന്നും സംഘാടകര്‍ അറിയിച്ചു.

click me!