ഫുട്സാല്‍ പ്രീമിയര്‍ ലീഗിന് ഇന്ന് കിക്കോഫ്

By Web DeskFirst Published Jul 15, 2016, 4:41 AM IST
Highlights

ചെന്നൈ: കുട്ടി ഫുട്ബോളെന്നറിയപ്പെടുന്ന ഫുട്സാലിന്‍റെ പ്രീമിയർ ലീഗിന് ഇന്ന് ചെന്നൈയിൽ മൈതാനമുണരും. ഇന്ന് വൈകിട്ട് ആറരയ്ക്കാണ് ഫുട്സാൽ കിക്കോഫ്.  ബ്രസീലിയൻ ഇതിഹാസതാരം റൊണാൾഡീഞ്ഞോയും മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻതാരം റയാൻ ഗിഗ്സുമാണ് ലീഗിന്‍റെ കിക്കോഫ് നിർവഹിയ്ക്കുക. ഉദ്ഘാടനച്ചടങ്ങിൽ തീം സോങ്ങുമായി സാക്ഷാൽ ഏ ആ‍ർ റഹ്മാനെത്തും.

അഞ്ച് പേർ വീതമുള്ള ടീമുകൾ. ഇൻഡോർ സ്റ്റേഡിയത്തിൽ ഇരുപകുതികളിലായി ഇരുപത് മിനിറ്റ് വീതം മത്സരം. ബാക്കിയെല്ലാം ഫുട്ബോൾ പോലെ. കുട്ടി ഫുട്ബോളെന്നറിയപ്പെടുന്ന ഫുട്സാലിന്‍റെ കളി രീതികൾ ഇങ്ങനെയൊക്കെയാണ്.  പോർച്ചുഗലിന്‍റെ ഇതിഹാസതാരം ലൂയി ഫിഗോയുടെ നേതൃത്വത്തിലുള്ള കമ്പനി സംഘടിപ്പിയ്ക്കുന്ന ഇന്ത്യയിലെ ആദ്യ ഫുട്സാൽ ലീഗിൽ കൊച്ചി ഉൾപ്പടെ ഇന്ത്യയിലെ ആറ് നഗരങ്ങളെ പ്രതിനിധീകരിച്ച് ടീമുകളുണ്ട്.

രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് നടക്കുന്ന മത്സരങ്ങൾക്ക് ചെന്നൈയും ഗോവയുമാണ് വേദികളാവുക. എട്ടുദിവങ്ങളിലായി പതിമൂന്ന് മത്സരങ്ങളുണ്ടാകും. ഫുട്ബോളിലെ പെലെ എന്നറിയപ്പെടുന്ന ഫാൽക്കാവോ, മാഞ്ചസ്റ്റർ താരം പോൾ ഷോൾസ്, റയൽ മാഡ്രിഡ് താരം മിഷേൽ സൽഗാഡോ എന്നിവരുൾപ്പടെ വൻ താരനിരയാണ് വിവിധ ടീമുകൾക്കായി അണി നിരക്കുന്നത്.

കൊച്ചിൻ ഫൈവ്സ് എന്നറിയപ്പെടുന്ന കൊച്ചി ടീമിന്‍റെ ഉടമസ്ഥാവകാശം വൈക്കിംഗ് വെഞ്ചേഴ്സ് ലിമിറ്റഡിനാണ്. മൈക്കൽ സൽഗാഡോയാണ് ടീം ക്യാപ്റ്റൻ. ഇന്ത്യയിലാദ്യമായെത്തുന്ന കുട്ടിഫുട്ബോളിന്‍റെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മാർക്വീ താരങ്ങളിലൊരാളായ റൊണാൾഡീഞ്ഞോ പറഞ്ഞു.  നിയമവിരുദ്ധമാണെന്ന് കാട്ടി ഫുട്സാൽ പ്രീമിയർ ലീഗുമായി  സഹകരിയ്ക്കുന്നതിൽ നിന്ന് നേരത്തേ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സ്പോൺസർമാർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തരം വിലക്ക് നിലനിൽക്കില്ലെന്ന് കാട്ടി, ലീഗുമായി മുന്നോട്ടുപോകാൻ സ്പോൺസർമാർ തീരുമാനിയ്ക്കുകയായിരുന്നു.

 

click me!