ഇന്ത്യന്‍ ടീമിനെ ഇനി പൃഥ്വി നയിക്കും

By Web DeskFirst Published Dec 3, 2017, 6:28 PM IST
Highlights

മുംബൈ: ന്യൂസിലാന്റില്‍ നടക്കുന്ന എഎഫ്‌സി അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മുംബൈ താരം പൃഥ്വി ഷാ നയിക്കും. ഓള്‍ ഇന്ത്യ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി ലോകകപ്പിനുള്ള പതിനാറംഗ ടീമിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2018 ജനുവരി 13 മുതല്‍ ഫെബ്രുവരി മൂന്നുവരെയാണ് മത്സരങ്ങള്‍. ആതിഥേയരായ ന്യൂസിലന്‍ഡ് അടക്കം 16 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. 

കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ ഇന്ത്യ മൂന്ന് തവണ അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയിട്ടുണ്ട്. 2000,2008,2013 വര്‍ഷങ്ങളിലാണ് ഇന്ത്യ കപ്പ് നേടിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. നാല് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളാണ് ലോകകപ്പിനുള്ളത്. ടൂര്‍ണമെന്റിലെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ഓസ്‌ട്രേലിയന്‍ ടീമിനൊപ്പമാണ് ഇന്ത്യയുള്ളത്. ജനവരി 28ന് ഓസീസുമായിട്ടാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. 

രഞ്ജി ട്രോഫി മത്സരത്തില്‍ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടി തിളങ്ങിയ താരമാണ് പ്രിഥ്വി ഷാ. 17 വയസ്സുകാരനായ പ്രിഥ്വി ഷായെ സെമിഫൈനലിന് തൊട്ടുമുമ്പാണ് ടീമിലുള്‍പ്പെടുത്തിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അമോല്‍ മജുംദാര്‍, അജിന്‍ക്യ രഹാനെ, ജതിന്‍ പരഞ്ജ്‌പെ, സമീര്‍ ദിഗെ, തുടങ്ങി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡിനൊപ്പമെത്തിയിരുന്നു പ്രിഥ്വി. രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ത്തന്നെ സെഞ്ച്വറി നേടുന്ന പിഥ്വി 14 -ാം താരമായി. പ്രിഥ്വി ഷാ തന്നെയായിരുന്നു മത്സരത്തിന്‍റെ മാന്‍ ഓഫ് ദ മാച്ച്.

ടീം: പൃഥ്വി ഷാ(ക്യാപ്റ്റന്‍), ഷുബ്മന്‍ ഗില്‍(വൈസ് ക്യാപ്റ്റന്‍), മഞ്‌ജോത് കല്‍റ, ഹിമാന്‍ഷു റാണ, അഭിഷേക് ശര്‍മ്മ, റിയാന്‍ പരഗ്, ആര്യന്‍ ജിയാല്‍, ഹര്‍വിക് ദേശായി, വിനയ് കുമാര്‍, കമലേഷ് നാഗര്‍ക്കൊടി, ഇഷാന്‍ പോരേള്‍, അര്‍ഷിദ് സിംഗ്, അനുകുല്‍ റോയ്, ശിവ സിംഗ്, പങ്കജ് യാദവ്.


 

click me!