കുംബ്ലെക്കുശേഷം പത്തില്‍ പത്തു വിക്കറ്റും വീഴ്ത്തി ഒരു ഇന്ത്യന്‍ ബൗളര്‍

By Web TeamFirst Published Nov 3, 2018, 5:28 PM IST
Highlights

പാക്കിസ്ഥാനെതിരായ ടെസ്റ്റില്‍ പത്തില്‍ പത്തുവിക്കറ്റും നേടി അനില്‍ കുംബ്ലെ ചരിത്രം തിരുത്തിയശേഷം ഈ നേട്ടം ആവര്‍ത്തിച്ച് മറ്റൊരു ഇന്ത്യന്‍ ബൗളര്‍. കുബ്ലെയുടെ നേട്ടം രാജ്യാന്തര ക്രിക്കറ്റിലായിരുന്നെങ്കില്‍ പുതുച്ചേരിയുടെ ഇടംകൈയന്‍ സ്പിന്നറായ സിദാക് സിംഗിന്റെ നേട്ടം ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ സി കെ നായിഡു ട്രോഫിയിലാണ്.

പുതുച്ചേരി: പാക്കിസ്ഥാനെതിരായ ടെസ്റ്റില്‍ പത്തില്‍ പത്തുവിക്കറ്റും നേടി അനില്‍ കുംബ്ലെ ചരിത്രം തിരുത്തിയശേഷം ഈ നേട്ടം ആവര്‍ത്തിച്ച് മറ്റൊരു ഇന്ത്യന്‍ ബൗളര്‍. കുബ്ലെയുടെ നേട്ടം രാജ്യാന്തര ക്രിക്കറ്റിലായിരുന്നെങ്കില്‍ പുതുച്ചേരിയുടെ ഇടംകൈയന്‍ സ്പിന്നറായ സിദാക് സിംഗിന്റെ നേട്ടം ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ സി കെ നായിഡു ട്രോഫിയിലാണ്.

സി കെ നായിഡു അണ്ടര്‍ 23 മത്സരത്തില്‍ മണിപ്പൂരിനെതിരെയാണ് 19കാരനായ സിദാക് സിംഗ് ചരിത്രം ആവര്‍ത്തിച്ചത്. 17.5 ഓവര്‍ ബൗള്‍ ചെയ്ത സിദാക് ഏഴ് മെയ്ഡിന്‍ ഓവറുകളടക്കം 31 റണ്‍സ് വഴങ്ങിയാണ് 10 വിക്കറ്റും വീഴ്ത്തിയത്. സിദാകിന്റെ ബൗളിംഗ് മികവില്‍ പുതുച്ചേരി മണിപ്പൂരിനെ 71 റണ്‍സിന് ഓള്‍ ഔട്ടാക്കി.

1999ല്‍ പാക്കിസ്ഥാനെതിരെ നടന്ന ഡല്‍ഹി ടെസ്റ്റിലാണ് കുംബ്ലെ ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും വീഴ്ത്തിയത്. ഇംഗ്ലണ്ടിന്റെ ജിം ലേക്കര്‍ക്കുശേഷം ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ മാത്രം ബൗളറെന്ന റെക്കോര്‍ഡും ഇതോടെ കുംബ്ലെ സ്വന്തമാക്കിയിരുന്നു.

ബിഷന്‍ സിംഗ് ബേദിയുടെ ആക്ഷനുമായുള്ള സാമ്യത്തിന്റെ പേരില്‍ സിദാക് സിംഗ് ഇപ്പോള്‍ തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധിക്കപ്പെടുന്ന താരമാണ്. മുംബൈ സ്വദേശിയായ സിദാക് മുംബൈക്കായി ഏഴ് ട്വന്റി2-0 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അണ്ടര്‍ 15 ടീമില്‍ കളിക്കുന്ന കാലത്ത് തന്നെ മുംബൈക്കായി വെസ്റ്റ് സോണ്‍ ടി20 ടൂര്‍ണമെന്റില്‍ അരങ്ങേറിയിട്ടുള്ള സിദാക് സച്ചിനുശേഷം മുംബൈക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. എന്നാല്‍ സംശയാസ്പദമായ ബൗളിംഗിന്റെ പേരില്‍ മുംബൈ ടീമില്‍ നിന്ന് സിദാക്കിനെ ഒഴിവാക്കിയിരുന്നു.

click me!