ലോകകപ്പില്‍ ഇന്ത്യക്കായി ബൂട്ടുകെട്ടാന്‍ തൃശൂരുകാരന്‍ രാഹുല്‍

By Web DeskFirst Published Sep 22, 2017, 6:39 PM IST
Highlights

അണ്ടര്‍ പതിനേഴ് ലോകകപ്പ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിലെ ഏക മലയാളിയാണ് തൃശൂരുകാരന്‍  രാഹുല്‍. മകന്‍ രാജ്യത്തിനായി ബൂട്ടുകെട്ടി കളത്തിലിറങ്ങുന്നത് കാത്തിരിക്കുകയാണ് ഒല്ലൂക്കരയിലെ കണ്ണോളി വീട്.

തൃശൂര്‍ ഒല്ലൂക്കര ശ്രേയസ് നഗറിലെ കണ്ണോളി വീട് കാത്തിരിക്കുന്ന വാര്‍ത്തയെത്തിയതിന്റെ സന്തോഷത്തിലാണ്. രാജ്യം ആതിഥേയത്വം വഹിക്കുന്ന  അണ്ടര്‍ പതിനേഴ് മത്സരത്തില്‍ ഒല്ലൂക്കരയുടെ സ്വന്തം രാഹുല്‍ ബൂട്ടണിയിയുന്നു. അച്ഛനും അമ്മയും സഹോദരിയും മുത്തശ്ശിയുമാണ് ഇവിടെയുള്ളത്. ചെറുപ്പം തൊട്ടേ സ്പോര്‍ട്സില്‍ കമ്പമുണ്ടായിരുന്ന രാഹുല്‍ മുക്കാട്ടു കരയിലാണ് ഒമ്പതാം ക്ലാസുവരെ പഠിച്ചത്. മുക്കാട്ടുകരയിലെയും മഞ്ഞുമ്പാടത്തെയും മൈതാനങ്ങളാണ് മധ്യ നിര താരത്തെ തേച്ചുമിനുക്കിയത്. പിന്നീട് തൃശൂര്‍ ജില്ലാ, സംസ്ഥാന ടീമുകളില്‍ അംഗമായി. 2014 ല്‍ തൃശൂരില്‍ നടന്ന അണ്ടര്‍ പതിനാല് ഫുട്ബോള്‍ ചാംപ്യന്‍ ഷിപ്പില്‍ മികച്ച കളിക്കാരനായതാണ് വഴിത്തിരിവായത്. രാജ്യം വിളിച്ചപ്പോഴും സ്ഥിരോത്സോഹത്തോടെ രാഹുല്‍ പന്തുതട്ടി. പിന്നീട് അണ്ടര്‍  പതിനേഴിനുള്ള പരിശീലന ക്യാപിലേക്ക്. ഒടുവില്‍ ആ വാര്‍ത്തയെത്തി രാഹുല്‍ രാജ്യത്തിനുവേണ്ടി അണ്ടര്‍ പതിനേഴ് കളിക്കുന്ന ഏക മലയാളി.

രണ്ടുമാസം മുമ്പാണ് രാഹുല്‍ നാട്ടിലേക്ക് വന്നുപോയത്.  ഇതുവരെ മകന്‍റെ കളി കുടുംബം നേരിട്ട് കണ്ടിട്ടില്ല. അണ്ടര്‍ 17ല്‍ മകന്‍ കളിക്കുന്നത് നേരിട്ട് കാണാന്‍ പോകുന്നതിനുള്ള തയാറെടുപ്പിലാണ് കുടുംബം. രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ചിണ്ടാപ്പിയെന്ന് വീട്ടുകാര്‍ സ്നേഹപൂര്‍വം വിളിക്കുന്ന രാഹുലിന് കഴിയട്ടെ എന്നാണ് അമ്മയുടെ പ്രാര്‍ഥന

സ്വന്തം നാട്ടുകാരന്‍ ഐ എം വിജയനാണ് രാഹുലിന്‍റെ ഹീറോ. ക്രിസ്റ്റാനോ റോണാള്‍ഡോയാണ് രാഹുല്‍ ആരാധിക്കുന്ന മറ്റൊരു താരം. രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുത്ത് തൃശൂരിന്‍റെ ഫുട്ബോള്‍ പെരുമ കാക്കാന്‍ രാഹുലിന് ആവുമെന്നാണ് ജന്മനാടിന്‍റെ പ്രതീക്ഷ.

click me!