ടി20 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ സഞ്ജു സാംസണ്‍ കാഴ്ചവെച്ച പ്രകടനത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍.
ചെന്നൈ: ടി20 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ പുറത്തെടുത്ത പ്രകടനത്തെ വാഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. തുടക്കം മുതല്‍ ആക്രമിച്ചാണ് സഞ്ജു കളിച്ചത്. രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. അഭിഷേക് ശര്‍മയ്‌ക്കൊപ്പം സ്‌കോര്‍ബോര്‍ഡില്‍ 48 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് സഞ്ജു മടങ്ങിയത്. സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ വാഴ്ത്തി നേരത്തെ ദിനേശ് കാര്‍ത്തികും രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് അശ്വിന്‍.
അശ്വിന്‍ പറയുന്നതിങ്ങനെ... ''സഞ്ജുവിന് ഇവിടെ നിന്ന് ഫൈനല്‍ വരെ ഇത്തരത്തിലുള്ള ഇന്നിംഗ്‌സുകള്‍ കൡക്കാന്‍ കഴിയുമെങ്കില്‍, ഇന്ത്യന്‍ ടീമിന് ആവശ്യമുള്ളത് കൃത്യമായി അവന്‍ ചെയ്യുന്നു എന്നാണ് മനസിലാക്കേണ്ടത്. ആ തരത്തിലുള്ള മിന്നുന്ന തുടക്കം കളികളെ മാറ്റുന്നു. അവന്‍ സജ്ജനായാല്‍, അവന് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയും. സഞ്ജു ഓപ്പണിംഗ് സ്ഥാനത്ത് തുടരുകയും വലിയ സ്‌കോര്‍ നേടുകയും ചെയ്യണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. സഞ്ജു, ഇത് നിങ്ങളുടെ നിമിഷമാണ്. തുടക്കം കുറിക്കുക, അത് മുതലെടുക്കുക. ഇതിനേക്കാള്‍ വലിയ അന്താരാഷ്ട്ര വേദിയില്ല.'' അശ്വിന്‍ പറഞ്ഞു.
ഇത്തരത്തിലുള്ള തുടക്കങ്ങളാണ് ഇന്ത്യക്ക് വേണ്ടതെന്ന് കാര്‍ത്തിക് വ്യക്തമാക്കി. കാര്‍ത്തികിന്റെ വാക്കുകള്‍... ''ഇന്ത്യന്‍ ടീം എന്താണോ ആശിച്ചത്, അത് സഞ്ജു സാംസണ്‍ ചെയ്ത് കാണിച്ചു. ടീമിന് മികച്ച തുടക്കം നല്‍കാന്‍ സഞ്ജുവിന് കഴിഞ്ഞു. അഭിഷേക് ശര്‍മയ്ക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ അവസരമൊരുക്കിയത് സഞ്ജുവാണ്. റിസ്‌ക്കെടുത്തത് മുഴുവന്‍ സഞ്ജുവാണ്. റിസ്‌ക്ക് ഏറ്റെടുക്കുമ്പോള്‍, ചിലപ്പോഴൊക്കെ അത് പിഴയ്ക്കാനും സാധ്യതയുണ്ട്.'' കാര്‍ത്തിക് പറഞ്ഞു.
സിംബാബ്വെയെ 72 റണ്‍സിനാണ് ഇന്ത്യ തകര്‍ത്ത്. ഇന്ത്യ ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഓപ്പണര്‍ റയാന്‍ ബെന്നറ്റ് വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി പൊരുതി നോക്കിയെങ്കിലും 72 റണ്‍സകലെ സിംബാബ്വെ അടിതെറ്റി വീണു. 59 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ റയാന്‍ ബെന്നറ്റാണ് സിംബാബ്വെയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 21 പന്തില്‍ 31 റണ്‍സടിച്ചപ്പോള്‍ ഓപ്പണര്‍ മറുമാനി 20 പന്തില്‍ 20 റണ്‍സെടുത്തു.

