
ഫുട്ബോളില്‍ താരങ്ങളോളമോ ചിലപ്പോള്‍ അതിനപ്പുറമോ കളം നിറഞ്ഞുനില്‍ക്കുന്നയാളാണ് കോച്ച്. എന്നാല്‍ ക്രിക്കറ്റില്‍ കോച്ചിന് അത്രത്തോളം സ്വാധീനമുണ്ടാകുമോയെന്ന് ആരാധകരെങ്കിലും ചിലപ്പോള്‍ സംശയിച്ചിട്ടുണ്ടാകും. പരാജയപ്പെടുമ്പോള്‍ മാത്രം ക്രിക്കറ്റ് കോച്ചിനെ പഴി ചാരുകയാണ് പതിവ്. വിജയിക്കുമ്പോള്‍ ക്രിക്കറ്റില്‍ നായകന്റെ തന്ത്രങ്ങളാണ് വാഴ്‍ത്തിപ്പാടാറ്. താരങ്ങളുടെ പ്രകടനവും. പക്ഷേ ഇന്ത്യയുടെ കുട്ടികള്‍ ലോകക്രിക്കറ്റിലെ കൗമാരക്കപ്പ് ഉയര്‍ത്തുമ്പോള്‍ ആ പതിവിന് മാറ്റം വരുകയാണ്. ഇന്ത്യയുടെ കൗമാരക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയത് ആരാധകരുടെ പ്രിയപ്പെട്ട വന്‍മതിലാണെന്ന് കായികലോകം സാക്ഷ്യപ്പെടുത്തുന്നു. രാഹുല്‍ ദ്രാവിഡ് നല്‍കിയ പ്രചോദനം അത്രത്തോളം വലുതായിരുന്നു.
തുടര്‍ച്ചയായ അഞ്ച് വിജയത്തിനൊടുവിലാണ് ഓസ്‍ട്രേലിയയെ പരാജയപ്പടുത്തി ടീം ഇന്ത്യ കപ്പുയര്‍ത്തിയത്. സെമിഫൈനലില്‍ പാക്കിസ്ഥാനെ 203 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ ജൈത്രയാത്ര തുടര്‍ന്നത് എന്നും ശ്രദ്ധേയം. ആ കുതിപ്പിന് ദ്രാവിഡ് ചെലുത്തിയ സ്വാധീനവും വളരെ വലുതാണ്. താരങ്ങളുടെ കഴിവും കഴിവുകേടും മനസ്സിലാക്കി ജ്യേഷ്‍ഠസഹോദരനെപോലെയായിരുന്നു ദ്രാവിഡ് പ്രചോദനമായത്. പാക്കിസ്ഥാനു വേണ്ടത് ദ്രാവിഡിനെ പോലെയുള്ള ഒരു മെന്ററെയാണെന്ന് അവരുടെ താരങ്ങള്‍ പോലും പറഞ്ഞതും ശ്രദ്ധേയമാണ്.
കൗമാര ലോകകപ്പില്‍ 2016ല്‍ ഇന്ത്യ ഫൈനലില്‍ എത്തിയതായിരുന്നു. കഴിഞ്ഞ ഏഴ് ടൂര്‍ണമെന്റുകളില്‍ അഞ്ചെണ്ണത്തിലും ഫൈനലില്‍ എത്താന്‍ കഴിഞ്ഞു. പക്ഷേ അവസാന രണ്ട് ലോകകപ്പുകളും നടക്കുമ്പോള്‍ മറുവശത്ത് പണക്കൊഴുപ്പിന്റെയും പ്രശസ്‍തിയുടെയും പ്രലോഭനമായി ഐപിഎല്‍ ലേലം നടക്കുന്നുണ്ടായിരുന്നു. സ്വാഭാവികമായും താരങ്ങളുടെ നോട്ടം ഐപിഎല്ലിലേക്കും മാറി. പക്ഷേ ഇത്തവണ ദ്രാവിഡ് പകര്‍ന്ന കൃത്യമായ ദിശാബോധമായിരുന്നു ഇന്ത്യയുടെ യുവതാരങ്ങളെ രാജ്യത്തിന്റെ കോര്‍ട്ടില്‍ തന്നെ നിര്‍ത്താന്‍ സഹായിച്ചത്.
2016ല്‍ ഋഷഭ് പന്ത്, സര്‍ഫ്രാസ് ഖാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയവരെ ഐപിഎല്ലിലേക്ക് വിളിച്ചപ്പോള്‍ ഇത്തവണ ഗില്‍, നാഗര്‍കോടി തുടങ്ങിയവര്‍ക്കായിരുന്നു അവസരം. എന്നാല്‍ ഗില്ലിന് ലേലത്തില്‍ ആവശ്യക്കാരുണ്ടായപ്പോള്‍ തന്നെ കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ദ്രാവിഡ് മറന്നില്ല. അക്കാര്യം ഗില്‍ തന്നെ പിന്നീട് പറയുകയും ചെയ്‍തു. രാഹുല്‍ ദ്രാവിഡ് സര്‍ ഞങ്ങളുമായി കൂടിക്കാഴ്‍ച നടത്തി. എല്ലാ വര്‍ഷവും ഐപിഎല്‍ ലേലം നടക്കും. അതില്‍ അവസരം ലഭിക്കുമോ ഇല്ലയോ എന്നോര്‍ത്ത് ആശങ്കപ്പെടേണ്ട. ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കാരണം ജീവിതത്തില്‍ മറ്റൊരിക്കല്‍ ആ അവസരം ലഭിക്കില്ലെന്നുമായിരുന്നു ദ്രാവിഡ് സര്‍ പറഞ്ഞത്.- ഗില്‍ പറയുന്നു. മത്സരത്തില്‍ കൃത്യമായ പാതയിലേക്ക് എത്തിക്കാന്‍ സഹായിച്ചത് ദ്രാവിഡാണെന്ന് പൃഥ്വിയും ശിവ് മവിയും കമലേഷ് നാഗര്‍കോടിയുമെല്ലാം പറയുന്നു.ദ്രാവിഡ് 2015ല്‍ ഇന്ത്യ ജൂനിയര്‍ ടീമിന്റെയും എ ടീമിന്റെയും പരിശീലകനായും പ്രവര്‍ത്തിച്ചിരുന്നു. ലൈംലെറ്റിലില്ലാത്ത താരങ്ങളെ കണ്ടെത്താനും പരിശീലിപ്പിക്കാനുമായിരുന്നു അന്ന് ദ്രാവിഡ് ശ്രദ്ധ ചെലുത്തിയതും. ഇന്ന് ഇന്ത്യന്‍ ടീമിന്റെ ആഘോഷമായി മാറിയ ഹാര്‍ദിക് പാണ്ഡ്യ തന്റെ നേട്ടത്തിനു പിന്നില്‍ ദ്രാവിഡാണെന്നു പറയുന്നു. മാനസികമായി കരുത്തുനേടാന്‍ സഹായിച്ചത് ദ്രാവിഡാണ്. അദ്ദേഹത്തിന്റെ സ്വാധീനം എനിക്ക് മറക്കാനാകില്ല- എ ടീമില്‍ ദ്രാവിഡിന്റെ പരിശീലനത്തില്‍ കളിച്ച ഹാര്‍ദ്ദിക് പാണ്ഡെ പറയുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ പരിശിലീകനെന്ന നിലയിലും ദ്രാവിഡ് മിന്നിത്തിളങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!