രഞ്ജി ട്രോഫി; കേരളം 70 റണ്‍സിന്‍റെ ലീഡ് വഴങ്ങി

By Web DeskFirst Published Dec 9, 2017, 1:19 PM IST
Highlights

സൂറത്ത്: വിദര്‍ഭക്കെതിരെ രഞ്ജി ട്രോഫിയില്‍ കേരളം 70 റണ്‍സിന്‍റെ ലീഡ് വഴങ്ങി. ഒന്നാം ഇന്നിംഗ്സില്‍ കേരളം 176 റണ്‍സിന് പുറത്തായി. 40 റണ്‍സെടുത്ത ജലക് സക്സേനയാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍.വെറും 38 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ രജനീഷ് ഗര്‍ബാനിയാണ് വിദര്‍ഭക്ക് മുന്‍തൂക്കം നേടിക്കൊടുത്തത്. വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ 32 റണ്‍സെടുത്ത് പുറത്തായി.

കേരളത്തിനായി രോഹന്‍ പ്രേമും സച്ചിന്‍ ബേബിയും 29 റണ്‍സ് വീതമെടുത്തു. മുന്‍നിര തകര്‍ന്നപ്പോള്‍ മധ്യനിരമാത്രമാണ് ശരാശരി പ്രകടനം കാഴ്ച്ചവെച്ചത്. കേരളത്തിന്‍റെ അഞ്ച് ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ലളിത് യാദവ്, അദിത്യ സര്‍വതെ, അക്ഷയ് വഖാരെ, കരണ്‍ ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. വാലറ്റം കൂടി പ്രതിരോധിക്കാതെ വേഗം മടങ്ങിയപ്പോള്‍ കേരളം ലീഡ് വഴങ്ങുകയായിരുന്നു.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ വിദര്‍ഭ 246 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ കെസി അക്ഷയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയുമാണ് കേരളത്തിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. 53 റണ്‍സെടുത്ത അക്ഷയ് വിനോദാണ് വിദര്‍ഭയുടെ ടോപ് സ്കോറര്‍. മൂന്നാം ദിവസമായ ഇന്ന് വേഗത്തില്‍ വിദര്‍ഭയെ പുറത്താക്കി ലീഡ് കുറയ്ക്കാനാകും കേരളം ശ്രമിക്കുക.

click me!