
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഇന്നിംഗ്സ് പരാജയത്തിന്റെ നാണക്കേടില്‍ നിന്ന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തെ കരകയറ്റി. സച്ചിന്റെയും വിഷ്ണുവിന്റെയും വിരോചിത ഇന്നിംഗ്സുകളുടെ കരുത്തില്‍ മധ്യപ്രദേശിനെതിരെ 265 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി ബാറ്റിംഗിനിറങ്ങിയ കേരളം മൂന്നാം ദിനം ക്രീസ് വിടുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സെടുത്തു.രണ്ടു വിക്കറ്റ് ശേഷിക്കെ 125 റണ്‍സിന്റെ ലീഡാണ് കേരളത്തിനുള്ളത്.
155 റണ്‍സുമായി വിഷ്ണു വിനോദും 30 റണ്‍സുമായി ബേസില്‍ തമ്പിയും ക്രീസിലുണ്ട്. പിരിയാത്ത ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ ബേസില്‍ തമ്പി-വിഷ്ണു വിനോദ് സഖ്യം 70 റണ്‍സെടുത്തിട്ടുണ്ട്. ഇന്നിംഗ്സ് തോല്‍വി ഉറപ്പിച്ച് മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് 100 റണ്‍സിലെത്തിയപ്പോഴേക്കും ആറ് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
വി എ ജഗദീഷിനെ മിഹിര്‍ ഹിര്‍വാനി പുറത്താക്കിയപ്പോള്‍ 19 റണ്‍സെടുത്ത സഞ്ജു സാംസണ്‍ റണ്ണൗട്ടായി. പിന്നീടായിരുന്നു കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ വിവിഎസ് ലക്ഷ്മണും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് കളിച്ച ഇന്നിംഗ്സിനെ അനുസ്മരിപ്പിച്ച് സച്ചിനും വിഷ്ണുവും ചേര്‍ന്ന് 199 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയത്.
211 പന്തില്‍ മൂന്ന് സിക്സറിന്റെയും 14 ബൗണ്ടറികളുടെയും അകമ്പടിയോടെ 143 റണ്‍സെടുത്ത സച്ചിന്‍ പുറത്തായശേഷവും പോരാട്ടം തുടര്‍ന്ന വിഷ്ണു രഞ്ജിയിലെ ആദ്യ സെഞ്ചുറി തന്നെ അവിസ്മരണീയമാക്കി. 226 പന്തില്‍ 18 ബൗണ്ടറിയും ഒരു സിക്സറും പറത്തിയാണ് വിഷ്ണു 155 റണ്‍സെടുത്തത്.
സന്ദീപ് വാര്യര്‍ മാത്രമാണ് ഇനി കേരളത്തിനായി ബാറ്റ് ചെയ്യാനുള്ളത്. നാലാം ദിനം ആദ്യ സെഷനില്‍ വിക്കറ്റ് പോവാതെ പിടിച്ചുനില്‍ക്കാനായാല്‍ ദയനീയ തോല്‍വി ഉറപ്പിച്ച മത്സരത്തില്‍ അവിശ്വസനീയ ജയമില്ലെങ്കിലും സമനിലയെങ്കിലും കേരളത്തിന് ഉറപ്പിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!