രഞ്ജി ക്വാർട്ടർ: വിദർഭയ്ക്കെതിരെ കേരളം കൂറ്റന്‍ തോല്‍വി വഴങ്ങി

By Web DeskFirst Published Dec 11, 2017, 7:02 PM IST
Highlights

സൂററ്റ്: രഞ്ജി ട്രോഫിയിൽ സെമിഫൈനൽ പ്രതീക്ഷ നേരത്തെതന്നെ കൈവിട്ട കേരളത്തിന്, വിദർഭയ്ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിൽ കൂറ്റന്‍ തോൽവി. 412 റൺസിനാണ് കേരളത്തെ വിദർഭ എറിഞ്ഞിട്ടത്. 578 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കേരളം രണ്ടാം ഇന്നിങ്സിൽ 165 റൺസിന് എല്ലാവരും പുറത്തായി. അർധസെഞ്ചുറി നേടിയ സൽമാൻ നിസാറിനൊഴികെ മറ്റാരും കേരളത്തിനായി തിളങ്ങിയില്ല.

104 പന്തുകർ നേരിട്ട സൽമാൻ നാലു വീതം ബൗണ്ടറിയും സിക്സും ഉൾപ്പെടെ 64 റൺസെടുത്ത് പുറത്തായി. 16.2 ഓവറിൽ 41 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ സർവതെയാണ് കേരളത്തെ തകർത്തത്. സീസണിൽ കേരളത്തിന്റെ കുതിപ്പിന് ചുക്കാൻ പിടിച്ച ജലജ് സക്സേന ആദ്യ പന്തിൽ പൂജ്യനായതോടെ കേരളം പോരാട്ടം പോലുമില്ലാതെ കീഴടങ്ങി.

സ‍ഞ്ജു സാംസൺ 18 റൺസെടുത്തും ക്യാപ്റ്റൻ സച്ചിൻ ബേബി 26 റൺസെടുത്തും പുറത്തായി. രോഹൻ പ്രേം 13 റൺസുമായി പുറത്താകാതെ നിന്നു. മുഹമ്മദ് അസ്ഹറുദ്ദീൻ ‍(28), അരുൺ കാർത്തിക് (മൂന്ന്), ബേസിൽ തമ്പി (0), അക്ഷയ് ചന്ദ്രൻ (0), നിധീഷ് എം.ഡി (ആറ്), സന്ദീപ് വാരിയർ (നാല്) എന്നിങ്ങനെയാണ് മറ്റു പ്രധാന താരങ്ങളുടെ പ്രകടനം.

അഞ്ചാം ദിനം ആറു വിക്കറ്റ് നഷ്ടത്തിൽ 431 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ വിദർഭയുടെ മൂന്ന് വിക്കറ്റുകളാണ് ഇന്നു നഷ്ടമായത്. കരണ്‍ ശർമ (31 പന്തിൽ 7), ആദിത്യ സർവതെ (40 പന്തിൽ 22), രജനീഷ് ഗുർബാനി (14 പന്തിൽ 2) എന്നിവരാണ് പുറത്തായത്. കേരളത്തിനായി കെ.സി. അക്ഷയ് നാലു വിക്കറ്റ് വീഴ്ത്തി. ജലജ് സക്സേന മൂന്നും എം.ഡി. നിധീഷ് രണ്ടും വിക്കറ്റുകൾ നേടി. ഒന്നാം ഇന്നിങ്സിൽ വിദർഭ 246 റൺസെടുത്തപ്പോൾ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 176 റൺസിൽ അവസാനിച്ചിരുന്നു.

click me!