Latest Videos

32 വര്‍ഷം പഴക്കമുള്ള ലോക റെക്കോഡ് തകര്‍ത്ത് അശ്വിന്‍

By Web DeskFirst Published Aug 4, 2017, 10:39 PM IST
Highlights

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അശ്വിന്‍ ഒരു ലോകറെക്കോര്‍ഡ് കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്ന് 2,000 റണ്‍സും 250 വിക്കറ്റുകളും സ്വന്തമാക്കുന്ന താരം എന്ന ലോകറെക്കോര്‍ഡാണ് അശ്വിന്‍ സ്വന്തം പേരില്‍ കുറിച്ചത്. 32 വര്‍ഷം പഴക്കമുള്ള ലോകറെക്കോര്‍ഡാണ് ഇന്ത്യന്‍ താരം തകര്‍ത്തത്.

ന്യൂസിലന്‍ഡ് ഇതിഹാസം റിച്ചാര്‍ഡ് ഹാര്‍ഡ്‌ലിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് അശ്വന്‍ മാറ്റിയെഴുതിയത്. 54 ടെസ്റ്റുകളില്‍ നിന്നാണ് ഹാഡ്‌ലി ഈ നേട്ടം കൈവരിച്ചതെങ്കില്‍ അശ്വിന് വെറും 51 മത്സരങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. ടെസ്റ്റില്‍ 281 വിക്കറ്റുകളും അശ്വിന്‍ സ്വന്തമാക്കിയിട്ടുണ്ട്. ലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലാണ് അശ്വിന്‍ ടെസ്റ്റില്‍ 2000 റണ്‍സ് തികച്ചത്. ഉജ്ജ്വലമായ അര്‍ദ്ധ സെഞ്ച്വറിയും അശ്വിന്‍ സ്വന്തമാക്കി. 92 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറും അടക്കം 54 റണ്‍സായിരുന്നു അശ്വിന്‍റെ സമ്പാദ്യം. 

ടെസ്റ്റിലെ പതിനൊന്നാം അര്‍ദ്ധ ശതകമായിരുന്നു അശ്വിന്‍ കുറിച്ചത്. ബാറ്റിംഗിന് പുറമെ ബൗളിംഗിലും അശ്വിന്‍ തിളങ്ങി. ശ്രീലങ്കയുടെ ഓപ്പണര്‍മാരെ പുറത്താക്കി അശ്വിന്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കിയിട്ടുണ്ട്. ടെസ്റ്റില്‍ 2000 റണ്‍സും 250 വിക്കറ്റും തികയ്ക്കുന്ന നാലമത്തെ ഇന്ത്യന്‍ താരവും പതിനഞ്ചാമത്തെ അന്താരാഷ്ട്ര താരവുമാണ് അശ്വിന്‍. മുന്‍ ഓള്‍റൗണ്ടര്‍ കപില്‍ ദേവ്, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ് എന്നിവരാണ് അശ്വിന് മുന്‍പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങള്‍.

നേരത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റ് തികച്ച താരമെന്ന ലോകറെക്കോര്‍ഡും അശ്വിന്‍ സ്വന്തമാക്കിയിരുന്നു. ഫെബ്രുവരിയില്‍ ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏക ടെസ്റ്റിലായിരുന്നു അത്. 45 ടെസ്റ്റുകളില്‍ 250 വിക്കറ്റുകള്‍ തികച്ച അശ്വിന്‍ 48 ടെസ്റ്റുകളില്‍ ആ നേട്ടം കൈവരിച്ച ഓസീസ് താരം ഡെന്നിസ് ലില്ലിയുടെ റെക്കോര്‍ഡാണ് മറികടന്നത്. 55 മത്സരങ്ങളില്‍ 250 വിക്കറ്റുകള്‍ നേടിയ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ലയുടെ പേരിലായിരുന്നു ഈ വിഭാഗത്തിലെ ഇന്ത്യന്‍ റെക്കോര്‍ഡ്.

click me!