ഓസീസ് ബൗളര്‍മാര്‍ക്ക് കോലിയെ വീഴ്ത്താനുള്ള തന്ത്രങ്ങളുപദേശിച്ച് പോണ്ടിംഗ്

By Web TeamFirst Published Dec 4, 2018, 12:26 PM IST
Highlights

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ സൂക്ഷിക്കണമെന്ന് ഓസ്ട്രേലിയൻ ടീമിന് മുന്‍ നായകന്‍ റിക്കി പോണ്ടിംഗിന്റെ മുന്നറിയിപ്പ്. വിരാട് കോലിയെ തളയ്ക്കണമെങ്കില്‍ ആദ്യം മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തേ മതിയാവൂവെന്നും പോണ്ടിംഗ് ഓസീസ് ബൗളര്‍മാരോട് പറഞ്ഞു. മുന്‍കാലങ്ങളില്‍ ഓസീസ് ബൗളര്‍മാര്‍ വാക്കുകള്‍കൊണ്ടും എതിരാളികളെ പ്രകോപിപ്പിച്ചിട്ടുണ്ട്.

മെല്‍ബണ്‍: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ സൂക്ഷിക്കണമെന്ന് ഓസ്ട്രേലിയൻ ടീമിന് മുന്‍ നായകന്‍ റിക്കി പോണ്ടിംഗിന്റെ മുന്നറിയിപ്പ്. വിരാട് കോലിയെ തളയ്ക്കണമെങ്കില്‍ ആദ്യം മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തേ മതിയാവൂവെന്നും പോണ്ടിംഗ് ഓസീസ് ബൗളര്‍മാരോട് പറഞ്ഞു. മുന്‍കാലങ്ങളില്‍ ഓസീസ് ബൗളര്‍മാര്‍ വാക്കുകള്‍കൊണ്ടും എതിരാളികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതിനൊപ്പം അവര്‍ മികച്ച ബൗളിംഗും പുറത്തെടുത്തിരുന്നു. മികച്ച ബൗളിംഗിനൊപ്പമുള്ള പ്രകോപിപ്പിക്കല്‍ വലിയ പ്രശ്നമല്ല. അങ്ങനെയല്ലാതെ ചെയ്യുമ്പോഴാണ് അത് മോശം പ്രവര്‍ത്തിയാവുന്നതെന്നും പോണ്ടിംഗ് ബൗളര്‍മാരോട് പറഞ്ഞു. നിങ്ങളുടെ കഴിവുകൊണ്ടും പ്രവര്‍ത്തികൊണ്ടും കോലിയെ വീഴ്ത്താനാവുമെന്നും പോണ്ടിംഗ് പറഞ്ഞു.

പന്തിന് മൂവ്മെന്റ് ഇല്ലെങ്കില്‍ കോലിക്ക് അനായാസം സ്കോര്‍ ചെയ്യാനാവും. ഈ സാഹചര്യത്തില്‍ തുടക്കത്തിലെ കോലിക്ക് ബൗണ്ടറി നിഷേധിക്കാനായി ബൗണ്ടറിയില്‍ രണ്ടോ മൂന്നോ അധിക ഫീല്‍ഡര്‍മാരെ നിയോഗിക്കാവുന്നതാണ്. അതോടൊപ്പം ടൈറ്റ് ബൗളിംഗും വേണം. തുടക്കത്തിലേ കോലിക്കെതിരെ അക്രമണോത്സുക സമീപനം വേണ്ട. കോലി ഒരുപാട് പന്തുകള്‍ തേര്‍ഡ് മാനിലേക്ക് കളിക്കാന്‍ താല്‍പര്യപ്പെടുന്ന കളിക്കാരനാണ്. അവിടെ മികച്ച ഫീല്‍ഡര്‍മാരെ നിയോഗിച്ച് അത് തടഞ്ഞാല്‍ ഫലപ്രദമാകും.

ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യക്കാണ് മേൽക്കൈയെന്നും പോണ്ടിംഗ് പറഞ്ഞു. . സമ്മർദത്തെ അതിജീവിക്കുന്ന വിരാട് കോലിയുടെ മികവ് ഇന്ത്യക്ക് തുണയാവും. ലോക ക്രിക്കറ്റിനെ അടക്കി ഭരിച്ച ഓസീസ് താരങ്ങളുടെ ആക്രമണോത്സുക ശരീരഭാഷ ഇപ്പോഴത്തെ ടീമിനില്ല. ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര വിജയമെന്ന സ്വപ്ന നേട്ടത്തിന് ഇറങ്ങുന്ന ഇന്ത്യക്ക് ആവേശം പകരുന്നതാണ് റിക്കി പോണ്ടിംഗിന്റെ വാക്കുകൾ. വ്യാഴാഴ്ച അഡലെയ്ഡിലാണ് നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് തുടക്കമാവുക.

click me!