പന്തിന്‍റെ സ്ഥാനമെവിടെ; ലോകകപ്പ് ടീമില്‍ ആരൊക്കെ; ഗവാസ്‌കറിന് കൃത്യമായ മറുപടിയുണ്ട്

By Web TeamFirst Published Feb 5, 2019, 11:42 AM IST
Highlights

ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ആരൊക്കെ ഇടംനേടുമെന്ന് പ്രവചിച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ഋഷഭ് പന്ത് എവിടെ ബാറ്റ് ചെയ്യണമെന്ന ചോദ്യത്തിനും ഗവാസ്‌കര്‍ ഉത്തരം നല്‍കുന്നു. 

മുംബൈ: യുവതാരം ഋഷഭ് പന്ത് ഇന്ത്യയുടെ ലോകകപ്പ് ടീമിലുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ലോകകപ്പിന് മുന്‍പ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ പന്ത് കളിക്കുമെന്നാണ് കരുതുന്നത്. ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ തിളങ്ങാനായാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന് ഇംഗ്ലണ്ടിലേക്കുള്ള ടിക്കറ്റ് ലഭിച്ചേക്കും. എന്നാല്‍ പന്തിനെ ബാറ്റിംഗ് ക്രമത്തില്‍ എവിടെയിറക്കും എന്ന സംശയം അപ്പോഴും ബാക്കിയാകുന്നു.

ഋഷഭ് പന്തിനെ മധ്യനിരയില്‍ നേരത്തെയിറക്കണമെന്ന് സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. പന്ത് ഓസ്‌ട്രേലിയക്കെതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ കളിക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു. നാല്, അഞ്ച് നമ്പറുകളില്‍ ബാറ്റിംഗിനിറങ്ങിയാല്‍ പന്തിലെ പ്രതിഭയെ കൃത്യമായി തിരിച്ചറിയാമെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ പറഞ്ഞു. മധ്യനിരയില്‍ ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍റെ സാന്നിധ്യം ടീമിന് നിര്‍ണായകമാണെന്നും ഇതിഹാസം താരം കൂട്ടിച്ചേര്‍ത്തു. 

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ദിനേശ് കാര്‍ത്തിക്കിനെ പകരക്കാരന്‍ ഓപ്പണറായി പരിഗണിക്കണം. ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജയെ മറികടന്ന് വിജയ് ശങ്കര്‍ ഇടംപിടിക്കാനാണ് സാധ്യത. സ്‌പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും ടീമിലുണ്ടാകണം. പേസര്‍മാരായി ജസ്‌പ്രീത് ബുംമ്രയും ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ടീമില്‍ ഇടംപിടിക്കും. നാലാം പേസറായി ഹര്‍ദിക് പാണ്ഡ്യയെയും അത്യാവശ്യഘട്ടങ്ങളില്‍ വിജയ് ശങ്കറിനെയും പ്രയോജനപ്പെടുത്താം. ഇതോടെ ടീം സന്തുലിതമാകുമെന്ന് ഗവാസ്‌കര്‍ പറഞ്ഞു. 

click me!