ആരാകും ലോക ഫുട്ബോളര്‍; ഉസൈന്‍ ബോള്‍ട്ട് വിജയിയെ പ്രഖ്യാപിക്കുന്നു

By Web DeskFirst Published Oct 20, 2017, 7:22 PM IST
Highlights

ലണ്ടന്‍: മെസിയെയും നെയ്മറെയും മറികടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോക ഫുട്ബോളറാകുമെന്ന് വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട്. ലാലിഗ നേടിയതും തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ചാമ്പ്യന്‍സ് ലീഗില്‍ ടോപ് സ്കോറായി നില്‍ക്കുന്നതുമാണ് ക്രിസ്റ്റ്യാനോയ്ക്ക് അനുകൂലമായ ഘടകങ്ങള്‍. ഫിഫ.കോമിനു നല്‍കിയ അഭിമുഖത്തിലാണ് ഏക്കാലത്തെയും മികച്ച അത്‌ലറ്റായ ബോള്‍ട്ട് തന്‍റെ ലോകഫുട്ബോളറെ പ്രഖ്യാപിച്ചത്. 

എന്നാല്‍ തന്‍റെ ലോക ഇലവനില്‍ മെസിക്കും നെയ്മര്‍ക്കും ബോള്‍ട്ട് ഇടം നല്‍കി. മൂന്ന് പേരും മികച്ച താരങ്ങളാണെന്ന് പറഞ്ഞ ബോള്‍ട്ട് മികച്ച പരിശീലകനായി സിനദീന്‍ സിദാനെയും ഗോള്‍കീപ്പറായി ജിയോലുജി ബുഫണെയും തിരഞ്ഞെടുത്തു. പ്രായം 40 പിന്നിട്ടെങ്കിലും ബുഫണെതിരെ ഗോള്‍ നേടാന്‍ പ്രയാസമാണെന്നാണ് ബോള്‍ട്ടിന്‍റെ അഭിപ്രായം. നെതര്‍ലന്‍ഡിന്‍റെ ലീക്ക് മാര്‍ട്ടിനസാണ് ബോള്‍ട്ടിന്‍റെ മികച്ച വനിതാതാരം.

ജിയോലുജി ബുഫണ്‍, പോള്‍ പോഗ്ബ, കാന്‍റെ, ഫിലിപ്പ് കുട്ടീന്യോ, സെര്‍ജി റാമോസ്, ലിയണാര്‍ഡോ ബനൂച്ചി, മാര്‍സലോ, ഡാനി ആല്‍വസ് എന്നിവരാണ് ലോക ഇലവനിലെ മറ്റംഗങ്ങള്‍. ട്രാക്കില്‍ നിന്ന് വിരമിച്ച താന്‍ ഫുട്ബോള്‍ കളിക്കാന്‍ ആഗ്രഹിക്കുവെന്ന് ബോള്‍ട്ട് അഭിമുഖത്തില്‍ വ്യക്തമാക്കി. പരിക്കുമാറി അടുത്ത വര്‍ഷം ഏതെങ്കിലും ടീമിനായി ബൂട്ടണിയാമെന്നാണ് വേഗരാജാവിന്‍റെ പ്രതീക്ഷ.

click me!