ക്രിക്കറ്റില്‍ പുതിയ ലോകറെക്കോര്‍ഡ്

By Web DeskFirst Published May 14, 2016, 9:37 AM IST
Highlights

കിഗാലി: റെക്കോര്‍ഡുകള്‍ക്ക് പഞ്ഞമില്ലാത്ത ക്രിക്കറ്റില്‍ പുതിയൊരു ലോകറെക്കോര്‍ഡ് കൂടി. ഇത്തവണ ഗ്രൗണ്ടിലല്ല നെറ്റ്സിലാണ് റെക്കോര്‍ഡ് പിറന്നതെന്ന പ്രത്യേകതയുമുമുണ്ട്. നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനത്തിന്റെ ഭാഗമായി തുടര്‍ച്ചയായി 51 മണിക്കൂര്‍ ബാറ്റ് ചെയ്ത റുവാണ്ടന്‍ ക്രിക്കറ്റ് ടീം നായകന്‍ എറിക് ഡൂസിംഗിസിമാനയാണ് ലോക റെക്കോര്‍ഡിട്ട് ഗിന്നസ് ബുക്കില്‍ കയറിയത്. ഈ മാസം 11 മുതല്‍ 13വരെയായിരുന്നു നെറ്റ്സില്‍ എറിക്കിന്റെ മാരത്തോണ്‍ ബാറ്റിംഗ് പരിശീലനം.

വെറുതെ റെക്കോര്‍ഡിടാന്‍ വേണ്ടിയായിരുന്നില്ല എറിക്കിന്റെ പരിശീലനം. റുവാണ്ടയിലെ ആദ്യ ക്രിക്കറ്റ് ഗ്രൗണ്ട് നിര്‍മിക്കാനുള്ള പണം കണ്ടെത്തുന്നതിനായായിരുന്നു ഈ റെക്കോര്‍ഡ് പരിശീലനം. പരിശീലനം തുടങ്ങുന്നതിന് മുമ്പ് ഇതില്‍ പങ്കെടുക്കാനും തനിക്കെതിരെ കുറച്ച് പന്തുകള്‍ എറിയാനും റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കാഗ്മെയോട് എറിക് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പങ്കെടുത്തില്ല.

നെറ്റ്സില്‍ 50 മണിക്കൂര്‍ തുടര്‍ച്ചയായി ബാറ്റ് ചെയ്തിട്ടുള്ള ഇന്ത്യന്‍ കളിക്കാരന്‍ വിരാഗ് മാരെയുടെ പേരിലുള്ള റെക്കോര്‍ഡാണ് എറിക് തകര്‍ത്തത്. 48 മണിക്കൂര്‍ തുടര്‍ച്ചയായി ബാറ്റ് ചെയ്ത ഇംഗ്ലീഷ് താരങ്ങളായ ഡേവ് ന്യൂമാനും റിച്ചാര്‍ഡ് വെല്‍സുമാണ് റെക്കോര്‍ഡ് ബുക്കില്‍ മൂന്നാം സ്ഥാനത്ത്. ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തിന് ഗിന്നസ് അധികൃതര്‍ നല്‍കുന്ന തുക എറിക്കിന് ഗ്രൗണ്ട് നിര്‍മിക്കാന്‍ തികയുമോ എന്നാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

click me!