കുംബ്ലയെ പരിശീലകനാക്കിയതിന് സച്ചിന് പറയാനുള്ള ന്യായം!

By Web DeskFirst Published Jul 13, 2016, 5:18 AM IST
Highlights

ഇന്ത്യന്‍ പരിശീലക പദവിയിലേക്ക് രവി ശാസ്ത്രിയെ പിന്തള്ളി അനില്‍ കുംബ്ലെയെ തെരഞ്ഞെടുത്തതിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മത്സരം വിജയിക്കാന്‍ എന്ത് ചെയ്യണമെന്ന് അറിയാവുന്നയാള്‍ എന്ന നിലയിലാണ് കുംബ്ലെക്ക് നറുക്ക് വീണതെന്ന് സച്ചിന്‍ ലണ്ടനില്‍ പറഞ്ഞു. കുംബ്ലെയുടെ പരിചയസമ്പത്ത് ടീമിന് പ്രയോജനപ്പെടുമെന്ന് ഉറപ്പുണ്ട്. രവി ശാസ്ത്രിയുടെ വിമര്‍ശനങ്ങളെ കുറിച്ച്  ചോദിച്ചോള്‍, ഉപദേശകസമിതിയിലെ ചര്‍ച്ചകളെ കുറിച്ച് പരസ്യ പ്രതികരണങ്ങള്‍ക്കില്ലെന്നായിരുന്നു സച്ചിന്റെ  മറുപടി. സച്ചിന്‍, ഗാംഗുലി, ലകഷ്മണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് കുംബ്ലെയെ തെരഞ്ഞെടുത്തത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായിരുന്നു. അനില്‍ കുംബ്ലെയ്‌ക്കൊപ്പം രവി ശാസ്‌ത്രിയും പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖത്തില്‍ മല്‍സരാര്‍ത്ഥിയായിരുന്നു. എന്നാല്‍ അഭിമുഖത്തില്‍ തന്റെ ഊഴം വന്നപ്പോള്‍ ഗാംഗുലി ഇറങ്ങിപ്പോയെന്നായിരുന്നു രവി ശാസ്‌ത്രിയുടെ ആരോപണം. അവധിക്കാലം ആഘോഷിക്കാന്‍, വിദേശത്തുപോയ രവി ശാസ്‌ത്രി സ്‌കൈപ്പ് വഴിയാണ് അഭിമുഖത്തില്‍ പങ്കെടുത്തതെന്നായിരുന്നു ഗാംഗുലിയുടെ മറുപടി. ഇന്ത്യന്‍ ടീമിന്റെ പരിശീലകനെ തെരഞ്ഞെടുക്കുന്നതുപോലെയുള്ള പ്രധാനപ്പെട്ട അഭിമുഖത്തില്‍ രവി ശാസ്‌ത്രി നേരിട്ടു പങ്കെടുക്കണമായിരുന്നുവെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു.

ശസ്‌ത്രക്രിയയെ തുടര്‍ന്ന് ലണ്ടനില്‍ വിശ്രമിക്കുകയാണ് സച്ചിന്‍ ഇപ്പോള്‍. ക്രിക്കറ്റില്‍ സജീവമായിരുന്ന കാലത്ത് കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാക്കാനാണ് സച്ചിന്‍ ലണ്ടനിലെ ആശുപത്രിയില്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായത്. ഒരാഴ്‌ച മുമ്പാണ് സച്ചിന് ശസ്‌ത്രക്രിയ നടത്തിയത്.

click me!