'ലേഡി സച്ചിൻ' മിതാലി രാജിൻ്റെ കഥ സോഷ്യൽ മീഡിയയിൽ കുറിച്ച് സച്ചിൻ

By Web DeskFirst Published Jul 18, 2017, 5:25 PM IST
Highlights

ദില്ലി: ഇന്ത്യന്‍ വനിത ക്രികറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെയും ബൗളിംഗ് കുന്തമുനയായ ജുലന്‍ ഗോസ്വാമിയുടെയും വിജയകഥ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. വനിതാ ലോകകപ്പില്‍ ഇരുവരും ഇന്ത്യക്കായി മിന്നുന്ന പ്രകടനം പുറത്തടുക്കുമ്പോഴാണ് സച്ചിന്‍ ഇരുവരുടെയും ജീവിതകഥ ആരാധകരുമായി ഫേസബുക്കിലൂടെ പങ്കുവെച്ചത്.

മിതാലിയുടെ പിതാവ് റിട്ടയേര്‍ഡ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ സാര്‍ജന്റ് ദുരൈ രാജിന് രാവിലെ വൈകി ഉണരുന്ന മകളുടെ ശീലത്തോടാണ് ആദ്യം യുദ്ധം ചെയ്യേണ്ടിവന്നതെന്ന് സച്ചിന്‍ തമാശയായി പറയുന്നു. അതിരാവിലെ സഹോദരനൊപ്പം ക്രിക്കറ്റ് കോച്ചിംഗ് ക്യാംപിലേക്ക് മിതാലിയെ അച്ഛന്‍ പറഞ്ഞയക്കുമായിരുന്നു. ഇന്ത്യക്കായി ഇന്ന് ഏകദിന ക്രിക്കറ്റിലെ ലോക റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതുന്ന മിതാലി അന്ന് ഇക്കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടോ സ്വപ്നം കണ്ടിട്ടോ പോലുമുണ്ടാവില്ല. പ്രതിഭ തിരിച്ചറിയാനും അതിനെ നേരായ മാര്‍ഗത്തിലൂടെ വഴിതിരിച്ചുവിടാനും കഴിഞ്ഞതാണ് മിതാലിയുടെ വിജയകഥയില്‍ നിര്‍ണായകമായത്. ഇന്നലെ താങ്കളുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. താങ്കള്‍ മികച്ച കായികതാരമാണ്. താങ്കളുടെ കളി കാണുന്നത് ഞാനെപ്പോഴും ആസ്വദിക്കുന്നു-സച്ചിന്‍ കുറിച്ചു.

വനിതാ ക്രിക്കറ്റിലെ ഇന്ത്യന്‍ ബൗളിംഗ് ഇതിഹാസമായ ജൂലന്‍ ഗോസ്വാമിയെക്കുറിച്ച് സച്ചിന്‍ എഴുതുന്നു-ക്രിക്കറ്റ് തനിക്കിണങ്ങില്ലെന്ന് പറഞ്ഞവരെയെല്ലാം വെല്ലുവിളിച്ചാണ് ജൂലന്‍ രാജ്യാന്തര വനിതാ ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരിയെന്ന സിംഹാസനം സ്വന്തമാക്കിയത്. എന്നും പുലര്‍ച്ചെ 4.30ന് എഴുന്നേറ്റ് 80 കിലോ മീറ്റര്‍ അകലെയുള്ള കൊല്‍ക്കത്തയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്ത് പരിശീലനം നടത്തുന്നത് ക്രിക്കറ്റിനോടുള്ള സ്നേഹം കൊണ്ടല്ലെങ്കില്‍ പിന്നെന്താണ്. കളിയോടുള്ള താങ്കളുടെ ആത്മാര്‍പ്പണമാണ് താങ്കളുടെ ഓരോ മികച്ച പ്രകടനത്തിനു പിന്നിലും ജ്വലിച്ചുനില്‍ക്കുന്നത്. താങ്കള്‍ ശരിക്കുമൊരു പ്രചോദനമാണ്. ടീം ഇന്ത്യക്ക് എല്ലാം ഭാവുകങ്ങളും.

രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ 6000 റണ്‍സ് തികക്കുന്ന ആദ്യ വനിത താരമെന്ന റെക്കോര്‍ഡ് ലോകകപ്പിനിടെ സ്വന്തമാക്കിയ മിതാലി തുടര്‍ച്ചയായി ഏഴ് അര്‍ധസെഞ്ചുറികള്‍ നേടിയും റെക്കോര്‍ഡിട്ടിരുന്നു. ഇന്ത്യയുടെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരി കൂടിയാണ് ജൂലന്‍ ഗോസ്വാമി. 162 മത്സരങ്ങളില്‍ 190 വിക്കറ്റാണ് 34കാരിയായ ജൂലന്റെ സമ്പാദ്യം.

click me!