മൂന്ന് വര്‍ഷത്തിന് ശേഷം സൈന വീണ്ടും ഗോപീചന്ദിന്റെ ശിഷ്യയാവുന്നു

By Web DeskFirst Published Sep 4, 2017, 9:05 PM IST
Highlights

സൈന നെ‍ഹ്‍വാളും കോച്ച് പുല്ലേല ഗോപീചന്ദും വീണ്ടും ഒരുമിക്കുന്നു. ഇതിന് മുന്നോടിയായി സൈന ഗോപീചന്ദ് അക്കാഡമിയില്‍ പരിശീലനം തുടങ്ങി. മൂന്ന് വ‍ര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സൈന നെ‍ഹ്‍വാള്‍ കോച്ച് പുല്ലേല ഗോപീചന്ദിന് കീഴില്‍ പരിശീലനത്തിന് തിരിച്ചെത്തുന്നത്.

ഗ്ലാസ്ഗോയില്‍ കഴിഞ്ഞമാസം നടന്ന ലോക ചാമ്പ്യന്‍ഷിപ്പിനിടെ ഇക്കാര്യത്തില്‍ തീരുമാനമായി. പി.വി സിന്ധുവിന് കൂടുതല്‍ പരിഗണന നല്‍കുന്നുവെന്ന പരാതിയോടെയാണ് സൈന 2014 സെപ്തംബറില്‍ ഗോപീചന്ദ് അക്കാഡമി വിട്ടത്. ഇതിന് ശേഷം ബെംഗലൂരുവില്‍ മലയാളി കോച്ച് യു വിമല്‍കുമാറിന് കീഴിലായിരുന്നു പരിശീലനം. ഇക്കാലയളവില്‍ സൈന ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിക്കുകയും ചെയ്തു. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡലും സ്വന്തമാക്കി. ഹൈദരാബാദില്‍ തുടരണമെന്ന ആഗ്രഹമാണ് ഗോപീചന്ദ് അക്കാഡമിയില്‍ സൈനയെ തിരികെ എത്തിച്ചിരിക്കുന്നത്. 

സിന്ധു, കെ ശ്രീകാന്ത്, സായ് പ്രണീത്, മലയാളി താരം എച്ച്.എസ് പ്രണോയ്, പി കശ്യപ് തുടങ്ങി ഒരുപിടി സൂപ്പര്‍താരങ്ങളുടെ ഇടയിലേക്കാണ് സൈന തിരിച്ചെത്തുന്നത്. സൈനയ്‌ക്ക് വ്യക്തിഗത പരിഗണന എത്രത്തോളം കിട്ടുമെന്ന് കണ്ടറിയണം. ഇന്ത്യന്‍ ബാഡ്മിന്റണ് മേല്‍വിലാസമുണ്ടാക്കിയ സൈന-ഗോപീചന്ദ് കൂട്ടുകെട്ട് വീണ്ടും കോ‍ര്‍ട്ടില്‍ വിസ്മയം തീര്‍ക്കുമന്നാണ് ആരാധകരുടെ പ്രതീക്ഷ.

click me!