വാക്കുകള്‍ കൊണ്ട് ഗോളടിക്കുന്നയാള്‍...

Published : Feb 03, 2022, 02:13 PM ISTUpdated : Mar 22, 2022, 05:38 PM IST
വാക്കുകള്‍ കൊണ്ട് ഗോളടിക്കുന്നയാള്‍...

Synopsis

ഗ്രൗണ്ടിനും ഗ്യാലറിക്കും തീപിടിക്കുന്ന കളിയാണ് ഫുട്ബോള്‍, ടെലിവിഷന്‍റെ മുന്നിലാണെങ്കില്‍ നമ്മെ ആ തീയിലേക്ക് എടുത്തെറിയുന്ന കമന്‍ററിയും കൂടിയായല്‍ ഗംഭീരം. മലയാളിയുടെ പ്രിയപ്പെട്ട ടീം കേരള ബ്ലാസ്റ്റേര്‍സ് ഐഎസ്എല്‍ ഫൈനലില്‍ എത്തിയത് ആവേശകരമായ പോരാട്ടത്തില്‍ ഡെല്‍ഹി ഡൈനാമോസിനെ തറപറ്റിച്ചാണ്. അതിന് ശേഷം ഒരോ കളി ആരാധകന്‍റെയും ചുണ്ടില്‍ തത്തിക്കളിച്ച് വാക്കുകള്‍ ഇങ്ങനെയായിരുന്നു.

"സച്ചിനും കോപ്പലും പിന്നെ ആ 11 പേരും പ്രതീക്ഷകളുടെ പൂമരം കൊണ്ട് കപ്പലുണ്ടാക്കി.. ആ കപ്പലിൽ കേറി കേരളം കൊച്ചിയിലേക്ക് ആ മ‌ഞ്ഞകുപ്പായക്കാര്‍ വരുമ്പോൾ.... കാണികൾ പറയുന്നു എന്തൊരഴക് ആഹാ... എന്തൊരു ഭംഗി"

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏഷ്യാനെറ്റ് മൂവിസില്‍ ഐഎസ്എല്‍ മലയാളം കമന്‍റേറ്ററായ ഷൈജു ദാമോദരനാണ് മലയാളിയുടെ ഹൃദയത്തിന്‍റെ ഗോള്‍പോസ്റ്റില്‍ വാക്കുകള്‍കൊണ്ട് ഗോളടിച്ചത്.. ഏറ്റവും കൂടുതല്‍ ഐഎസ്എല്‍ കമന്‍ററികള്‍ നടത്തി റെക്കോഡ് നേടിയ ഷൈജു ദാമോദരന്‍ ഏഷ്യാനെറ്റ് ന്യൂസ്.ടിവിയോട് പറയുന്നു, വിപിന്‍ പാണപ്പുഴ നടത്തിയ അഭിമുഖം


ഫൈനലില്‍ എത്തിയ കേരള ബ്ലാസ്റ്റേര്‍സിന്‍റെ സാധ്യതകള്‍

മൂന്ന് വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണ കേരളം ഫൈനലില്‍ എത്തിയിരിക്കുന്നു, വീണ്ടും ഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത എതിരാളികളായി എത്തുന്നു. ആദ്യ സീസണില്‍ നേരിട്ട ഒരു ഗോള്‍ പരാജയത്തിനുള്ള മധുര പ്രതികാരം നമ്മള്‍ ഏവരും പ്രതീക്ഷിക്കുന്നു എന്നതാണ് സത്യം. പിന്നെ കേരളത്തിന്റെ ഏറ്റവും വലിയ സാധ്യത ഫൈനല്‍ കൊച്ചിയില്‍ നടക്കുന്നു എന്നത് തന്നെയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ 11 അംഗ ടീമില്‍ അദൃശ്യമായി കളിക്കുന്ന 12-ാമത്തെ നമ്പറുകാരാണ് നമ്മുടെ കാണികള്‍. അവരുടെ പിന്തുണ കൂടിയാകുമ്പോള്‍ ഡിസംബര്‍ 18 ബ്ലാസ്റ്റേഴ്സിന്റെ ദിനമാകുമെന്ന് പ്രതീക്ഷിക്കാം.

കണക്കിലും, കടലാസിലും കേരളത്തിന് സാധ്യതകള്‍ ഉണ്ട് അല്ലെ?

തീര്‍ച്ചയായുമുണ്ട്, ഇയാന്‍ ഹ്യൂം അടക്കമുള്ള രണ്ടോ മൂന്നോ കളിക്കാര്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയര്‍ത്തുന്നവരായി കൊല്‍ക്കത്ത നിരയില്‍ ഉള്ളത് അവരെ മറികടക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിക്കും എന്നാണ് തോന്നുന്നത്. അവസാനം കൊച്ചിയില്‍ നടന്ന മത്സരം മാത്രം നോക്കിയാല്‍ അത് മനസിലാകും. ഡെല്‍ഹി ഡൈനാമോസിനെ അപേക്ഷിച്ച് ദുര്‍ബലമാണ് കൊല്‍ക്കത്തയുടെ പ്രതിരോധം എന്ന് പറയാം. അതിനാല്‍ തന്നെ വിനീത് അടക്കമുള്ള കേരളത്തിന്റെ മുന്നേറ്റ നിരയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുമെന്ന് കരുതാന്‍ വയ്യ. അതേസമയം, ഈ ഐഎസ്എല്ലിലെ ബെസ്റ്റ് പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സിന്റേത്. ജിങ്കനും, ഹ്യൂസും ഒക്കെ കഴിഞ്ഞ മത്സരത്തില്‍ നടത്തിയ പ്രകടനം അവര്‍ത്തിച്ചാല്‍ അത്ഭുതങ്ങള്‍ ഒന്നും ഇല്ലാതെ കേരളത്തിന് വിജയിക്കാന്‍ സാധിക്കും.

ചാര്‍ലിയിലെ നെഞ്ച് പിടച്ച്, ഞരമ്പില്‍ തീപിടിച്ച്... തുടങ്ങുന്ന പാട്ട് ഉപയോഗിച്ചതാണ് ശരിക്കും കളികാണുന്നവരെ ഷൈജു ആദ്യം ഞെട്ടിച്ചത്..

ആദ്യത്തെ മൂന്ന് കളികള്‍ കഴിഞ്ഞപ്പോള്‍ ആരാധകരും, കളി വിദഗ്ധരും തള്ളിക്കളഞ്ഞ ഒരു ടീം ആയിരുന്നു ബ്ലാസ്റ്റേഴ്സ്. ഒരു ഗോള്‍ പോലും അതുവരെ അവര്‍ നേടിയിരുന്നില്ല. അങ്ങനെ മുംബൈയുമായി ഹോം മാച്ചിന് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സ് എത്തുന്നു, സെക്കന്‍ഡ് ഹാഫില്‍ മൈക്കല്‍ ചോപ്ര ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടുന്നു, ബ്ലാസ്റ്റേഴ്സിന്റേതായ ഒരു നിമിഷത്തിനായി കാത്തിരുന്ന ഞാന്‍ ചാര്‍ലിയിലെ ആ വരികള്‍ കാണാപാഠം പഠിച്ച് ഇരിക്കുകയായിരുന്നു. കൃത്യമായ സന്ദര്‍ഭമായിരുന്നു അത്, എല്ലാ ആരാധകരും കഴിഞ്ഞ 315 മിനുട്ടായി വേഴാമ്പിലിനെപ്പോലെ ഒരു ഗോളിനായി കാത്തിരിക്കുമ്പോള്‍ അത് കൃത്യമായി കണ്‍വേ ചെയ്യാന്‍ ആ വാക്കുകള്‍ക്കായി.

നെഞ്ച് പിടച്ച്, ഞരമ്പില്‍ തീയും പിടിച്ച്..കണ്ണ് ചിമ്മാണ്ട്.. ഈ ഗ്യാലറി മൊത്തം കാത്തിരിന്നത് ..ഗോള്‍.. എന്ന ഈ സുന്ദരി പെണ്ണിന് വേണ്ടിയാണ്..

അത് പോലെ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനല്‍ പ്രവേശനം ആഘോഷിക്കപ്പെട്ടത് ഷൈജുവിന്റെ "പൂമരം" വച്ചാണ്

ഇത്തവണ കമന്ററി പറയാന്‍ വരുമ്പോള്‍ തന്നെ പലരും പലതും നിര്‍ദേശിക്കുമായിരുന്നു. ഇത്തരത്തില്‍ പലരും പൂമരം സോംഗുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയണം എന്ന് പറഞ്ഞിരുന്നു. അതിനാല്‍ ഒരു സംഭവം ഉണ്ടാക്കി വച്ചിരുന്നു. എന്നാല്‍ കേരളം ജയിക്കണമല്ലോ. ആ നിമിഷത്തിന് വേണ്ടി മുഴുവന്‍ നേരവും അധിക സമയവും, ഷൂട്ടൗട്ടുംവരെ കാത്തിരുന്നു. ഒരു ഘട്ടത്തില്‍ ഞാന്‍ പറയാന്‍വച്ച വാക്കുകള്‍ ഒരു ഭാഗത്തും ബ്ലാസ്റ്റേഴ്സിന്റെ വിജയം മറുഭാഗത്തും എന്നതായിരുന്നു അവസ്ഥ. പിന്നീട് മുഹമ്മദ് റഫീക്ക് ബ്ലാസ്റ്റേഴ്സിന്റെ വിജയ കിക്ക് തൊടുത്തതോടെയാണ് അതിന് അവസരം ഉണ്ടായത്. അങ്ങനെയാണ് ഇന്ന് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന വാക്കുകള്‍ പ്രയോഗിച്ചത്

സച്ചിനും കോപ്പലും പിന്നെ ആ 11 പേരും പ്രതീക്ഷകളുടെ പൂമരം കൊണ്ട് കപ്പലുണ്ടാക്കി.. ആ കപ്പലിൽ കേറി കേരളം കൊച്ചിയിലേക്ക് ആ മ‌ഞ്ഞകുപ്പായക്കാര്‍ വരുമ്പോൾ.... കാണികൾ പറയുന്നു എന്തൊരഴക് ആഹാ... എന്തൊരു ഭംഗി.

ഫൈനലില്‍ ഇത്തരത്തില്‍ വല്ലതും കണ്ടുവച്ചിട്ടുണ്ടോ?

അത് സസ്പെന്‍സ്, എന്നാല്‍ നേരത്തെ പറഞ്ഞല്ലോ പലരും ഇത് പറഞ്ഞാല്‍ നന്നായിരിക്കും എന്നൊക്കെ നിര്‍ദേശിക്കാറുണ്ട്, ചില പദ്ധതികള്‍ ഉണ്ട് ഞായറാഴ്ച കാണുക.

ഐഎസ്എല്ലില്‍ മത്സരങ്ങള്‍ക്ക് കമന്ററി പറഞ്ഞ് റെക്കോ‍ഡിട്ട വ്യക്തിയാണ്, മൂന്ന് കൊല്ലത്തില്‍ ഐഎസ്എല്‍ മാറിയത് എങ്ങനെയാണ്?

ആദ്യവര്‍ഷം ഐഎസ്എല്‍ ശരിക്കും ഒരു ലോഞ്ചിംഗ് ആയിരുന്നു. പേരും കളിയും, ടീമുകളെയും കാണികള്‍ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു ദൗത്യം. അത് വിജയകരമായി. രണ്ടാം കൊല്ലത്തില്‍ ആദ്യ സീസണെ അപേക്ഷിച്ച് നല്ല കളിക്കാരാണ് രംഗത്ത് ഉണ്ടായിരുന്നത്. മൂന്നാം കൊല്ലത്തില്‍ എത്തിയപ്പോ ഇന്ത്യന്‍ ഫുട്ബോളിന്റെ ഫ്ലാഗ്ഷിപ്പ് ഐക്കണായി ഐഎസ്എല്‍ മാറിയിരിക്കുന്നു. കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളും, മോഹന്‍ ബഗാനും നൂറ്റാണ്ടുകൊണ്ട് ഉണ്ടാക്കിയ ആരാധക സമ്പത്ത് അത്‌ലറ്റിക്കോ കൊല്‍ക്കത്ത മൂന്ന് സീസണ്‍ കൊണ്ട് ഉണ്ടാക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ കളി കേരളത്തിന്റെ മത്സരമാകുന്നു. കൊച്ചിയിലെ സ്റ്റേഡിയം ഫുള്‍പാക്ഡ് ആകുന്നു. ഇതൊക്കെ വലിയ വ്യത്യാസങ്ങളാണ്. ഇത്തരത്തില്‍ പോയാല്‍ ഇന്ത്യയുടെ ഒന്നാം ലീഗായി ഐഎസ്എല്‍ മാറും. അധികം വൈകാതെ തന്നെ ഐലീഗ്, ഐഎസ്എല്‍ എന്നിവ ലയിക്കും എന്നാണ് ഞാന്‍ കരുതുന്നത്.

മലയാളം ഫുട്ബോള്‍ കമന്ററി മാറിയത് എങ്ങനെ?

മലയാളിയുടെ സ്ഥിരമായ പ്രത്യേകത വച്ച് മലയാളത്തിലുള്ള ഐഎസ്എല്‍ കമന്ററിയും പ്രക്ഷേപണവും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആദ്യസീസണില്‍ ഒരാള്‍ ഫേസ്ബുക്കില്‍ എഴുതിയത് ഏഷ്യാനെറ്റ് മൂവിസില്‍ ഞാന്‍ ഐഎസ്എല്‍ കാണുന്നത് മ്യൂട്ട് ചെയ്താണ് എന്നാണ്. എന്നാല്‍ അത്തരം വിമര്‍ശനങ്ങള്‍ മൂന്നാം വര്‍ഷത്തില്‍ എത്തുമ്പോള്‍ ഇല്ല. അടുത്തിടെ ഫേസ്ബുക്കില്‍ വന്ന ഒരു കമന്റ് ഇങ്ങനെയാണ്. 

കൊച്ചിയിലെ ഫൈനല്‍ സ്റ്റേഡിയത്തില്‍ പോയി ഞാന്‍ കാണും. എന്നാല്‍ ഏഷ്യാനെറ്റ് മൂവിസിലെ ഷൈജു ദാമോദരന്റെ കമന്ററി എനിക്ക് മിസ് ആകും

ഇത്തരത്തില്‍ മികച്ച പ്രതികരണമാണ് കിട്ടുന്നത്. ഈ മൂന്ന് മാസകാലത്ത് കേരളത്തിലെ ട്രോള്‍ ഗ്രൂപ്പുകളില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ട ഒരു വ്യക്തിയാണ് ഞാന്‍. എന്നാല്‍ സന്തോഷകരമായ കാര്യം എന്നെ പറ്റി വന്ന ട്രോളുകളില്‍ പലതും പോസറ്റീവ് ആയിരുന്നു എന്നതാണ്. സ്റ്റാര്‍ സ്പോര്‍ട്സിലെ എച്ച്.ഡി ക്വാളിറ്റിയുള്ള കളി വിട്ട് ഇപ്പോള്‍ കേരളത്തിലെ കവലകളിലും,ഷോപ്പുകളിലും വീടുകളിലും ഏഷ്യാനെറ്റ് മൂവിസില്‍ ഐഎസ്എല്‍ കാണുന്നവരുടെ എണ്ണം കൂടുന്നതില്‍ കമന്ററിക്കും ഒരു വലിയ പങ്കുണ്ടെന്നാണ് എന്റെ വിശ്വാസം.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ക്കേണ്ടി വന്നാല്‍, അതിനും തയ്യാര്‍'; മിച്ചല്‍ സാന്റ്‌നറുടെ വെല്ലുവിളി
ടി20 ലോകകപ്പ്: മിസ്റ്ററി ഓര്‍ഡിനറിയാകുന്നു, ഫൈനലില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഫോം ആശങ്കയോ?