
ചിറ്റഗോംഗ്: വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഓപ്പണര്‍ കീറന്‍ പവലിനെ പുറത്താക്കി ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് അപൂര്‍വ്വ നേട്ടം. പവലിനെ പുറത്താക്കിയതോടെ ടെസ്റ്റില്‍ വേഗത്തില്‍ 200 വിക്കറ്റും 3000 റണ്‍സും നേടുന്ന താരമായി ഷാക്കിബ്. ചിറ്റഗോംഗ് ടെസ്റ്റിന്‍റെ മൂന്നാം ദിനമായിരുന്നു ഷാക്കിബിന്‍റെ ചരിത്ര നേട്ടം. രണ്ടാം ഇന്നിംഗ്സില്‍ പവലിനെ ഗോള്‍ഡണ്‍ ഡക്കാക്കിയാണ് ഷാക്കിബ് നേട്ടം ആഘോഷിച്ചത്.
ഇംഗ്ലണ്ടിന്‍റെ ഇതിഹാസ ഓള്‍റൗണ്ടര്‍ ഇയാന്‍ ബോത്തമിന്‍റെ റെക്കോര്‍ഡാണ് ഷാക്കിബ് മറികടന്നത്. ബോത്തം 55 ടെസ്റ്റുകളില്‍ ഈ നേട്ടത്തിലെത്തിയപ്പോള്‍ മുപ്പത്തിയൊന്നുകാരനായ ഷാക്കിബിന് ഒരു മത്സരം കുറവേ(54) വേണ്ടിവന്നുള്ളൂ. ന്യൂസീലന്‍ഡിന്‍റെ ക്രിസ് കെയ്‌ന്‍സ്(58), ഇംഗ്ലണ്ടിന്‍റെ ആന്‍ഡ്രൂ ഫ്ലിന്‍റോഫ്(69) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. അഞ്ചാമതുള്ള ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവ് 73 മത്സരങ്ങളില്‍ നിന്നാണ് 200 വിക്കറ്റും 3000 റണ്‍സും തികച്ചത്.
മത്സരത്തില്‍ ബംഗ്ലാദേശ് 64 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വീന്‍ഡീസ് 139 റണ്‍സിന് പുറത്തായി. ഷാക്കിബ് 30 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ തൈജുല്‍ 33 റണ്‍സ് മാത്രം വഴങ്ങി ആറ് പേരെ പുറത്താക്കി. സ്‌കോര്‍ ബംഗ്ലാദേശ്- 324, 125...വിന്‍ഡീസ്- 246, 139.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!