കൈഫിന്റെ ഈഗോ, മുനാഫിന്റെ പ്രായം, ജഡേജയുടെ അലസത; ആത്മകഥയില്‍ തുറന്നുപറച്ചിലുമായി വോണ്‍

By Web TeamFirst Published Nov 7, 2018, 8:17 PM IST
Highlights

ഇന്ത്യന്‍ താരങ്ങളെക്കുറിച്ചുള്ള രഹസ്യങ്ങള്‍ തുറന്നുപറഞ്ഞ് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ആത്മകഥ. ആദ്യ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന കാലത്തെ രസകരമായ സംഭവങ്ങളാണ് വോണിന്റെ ആത്മകഥയായ നോ സ്പിന്നില്‍ ഉള്ളത്.

മുംബൈ: ഇന്ത്യന്‍ താരങ്ങളെക്കുറിച്ചുള്ള രഹസ്യങ്ങള്‍ തുറന്നുപറഞ്ഞ് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ആത്മകഥ. ആദ്യ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന കാലത്തെ രസകരമായ സംഭവങ്ങളാണ് വോണിന്റെ ആത്മകഥയായ നോ സ്പിന്നില്‍ ഉള്ളത്.

രാജസ്ഥാന്‍ റോയല്‍സ് ടീമിലായിരുന്ന കാലത്ത് ഞങ്ങള്‍ ടീം അംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലിലെത്തി. ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തപ്പോള്‍ മുഹമ്മദ് കൈഫ് റിസപ്ഷണിസ്റ്റിനോട് തര്‍ക്കിക്കുന്നത് കേട്ടു. ഞാന്‍ മുഹമ്മദ് കൈഫാണ്. ശരി താങ്കള്‍ക്ക് എന്ത് സഹായമാണ് വേണ്ടതെന്ന്  റിസപ്ഷണിസ്റ്റ് ആവര്‍ത്തിച്ചു ചോദിക്കുന്പോഴും ഞാന്‍ കൈഫാണെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. എന്താണ് പ്രശ്നം എന്ന് അറിയാനായി ഞാന്‍ അവിടെ ചെന്നു. അപ്പോഴാണ് സംഗതി മനസിലായത്. താന്‍ ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരമാണെന്നും തനിക്ക് മറ്റ് ടീം അംഗങ്ങളെപ്പോലെ ചെറിയ മുറി പോരെന്നുമാണ് കൈഫ് ഉദ്ദേശിക്കുന്നത്. അപ്പോള്‍ ഞാന്‍ പറ‌ഞ്ഞു, എല്ലാവര്‍ക്കും ഒരുപോലെയുള്ള റൂമാണ് കിട്ടിയിരിക്കുന്നത്. എനിക്ക് മാത്രമാണ് ആളുകളെ കാണേണ്ടതിനാല്‍ കുറച്ചു വലിയ മുറി അനുവദിച്ചുകിട്ടിയത്. അതുകേട്ടതോടെ, ശരിയെന്ന് പറഞ്ഞ് കൈഫ് നടന്നു.

ഇതുപോലെയായിരുന്നു ടീം ബസില്‍ ഒരിക്കല്‍ മുനാഫിനൊപ്പം പിന്‍സീറ്റില്‍ ഇരിക്കുന്പോള്‍ അദ്ദേഹത്തിന്റെ പ്രായം ചോദിച്ചതും. അപ്പോള്‍ മുനാഫ് പറഞ്ഞത്, എനിക്ക് 24 വയസേ ആയുള്ളുവെന്നായിരുന്നു. ഇനി ഒരു പത്തുവര്‍ഷം കഴിഞ്ഞ് ചോദിച്ചാലും ഞാന്‍ ഇതുതന്നെ പറയും. കാരണം എനിക്ക് 34 വയസായെന്ന് പറഞ്ഞാല്‍ എന്നെ ആരും ടീമിലെടുക്കില്ല. ഇനി 28 ആയെന്ന് പറഞ്ഞാലും ഇനി ഇവന് അധികം നാളില്ലെന്ന് പറഞ്ഞ് തഴയാനിടയുണ്ട്. അതുകൊണ്ടുതന്നെ ഇരുപതുകളുടെ തുടക്കത്തില്‍ ഞാന്‍ കുറേക്കാലം തുടരുമെന്നായിരുന്നു മുനാഫിന്റെ തമാശകലര്‍ന്ന മറുപടി.

ടീമിലോ റോക് സ്റ്റാറായിരുന്നു രവീന്ദ്ര ജഡേജയെന്നും വോണ്‍ പറയുന്നു. നല്ല ഭാവിയുള്ള യുവതാരം. പക്ഷെ അച്ചടക്കത്തിന്റെ കാര്യത്തില്‍ ഏറെ പിന്നില്‍.കണ്ടമാത്രയില്‍ തന്നെ ജഡേജയെ എനിക്കിഷ്ടമായി. പക്ഷെ ഈ അച്ചടക്കമില്ലായ്മ യുവതാരങ്ങളെ പലപ്പോഴും തെറ്റായ വിഴിയിലേക്ക് നയിക്കും. അതുകൊണ്ട് പരിശീലനത്തിന് ആദ്യം വൈകിവന്നോപ്പോള്‍ ഞാന്‍ വെറുതെ വിട്ടു. രണ്ടാമത് പരീശീലനത്തിന് പോവാനായി ഇറങ്ങിയപ്പോള്‍ ടീം ബസില്‍ ജഡേജയില്ല. അന്നും പരിശീലനത്തിന് വൈകിയാണ് ജഡേജയെത്തിയത്.

അതുകൊണ്ട് പരിശീലനം കഴിഞ്ഞ് മടങ്ങിവരുന്പോള്‍ പകുതിക്ക് വെച്ച് ഞാന്‍ ബസ് നിര്‍ത്തി. ഇന്ന് ആരൊക്കെയാണോ പരിശീലനത്തിന് വൈകിയെത്തിയത് അവര്‍ക്ക് ഇവിടെ ഇറങ്ങി നടന്നുവരാമെന്ന് പറഞ്ഞു. ഇതുകേട്ടപ്പോള്‍ ജഡേജയുടെ കൂട്ടുകാരന്‍ പ്രശ്നമുണ്ടാക്കി. അതോടെ അയാളോടും അവിടെയിറങ്ങി നടന്നോളാന്‍ പറഞ്ഞുവെന്നും വോണ്‍ പറയുന്നു. അതിനുശേഷം ആരും പരിശീലനത്തിന് വൈകിയെത്തിയിട്ടില്ലെന്നും വോണ്‍ ആത്മകഥയില്‍ ഓര്‍മിക്കുന്നു.

click me!