ഐ.സി.സി ചെയര്‍മാനായി ശശാങ്ക് മനോഹര്‍ തുടരും

By Web DeskFirst Published May 10, 2017, 7:44 PM IST
Highlights

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനായി ശശാങ്ക് മനോഹര്‍ തുടരും.  ബി.സി.സി.ഐയുമായുള്ള ഭിന്നത രൂക്ഷമായതിനിടെയാണ് മനോഹറിന്റെ   പ്രഖ്യാപനം. അതിനിടെ ഐ.പി.എല്‍ ഫൈനലില്‍ അതിഥിയായി പങ്കെടുക്കാന്‍ മനോഹറെ വിനോദ് റായ് സമിതി ക്ഷണിച്ചു .

ഐ.സി.സിയിലെ വരുമാന വിഹിതത്തിനായുള്ള വടംവലിയില്‍ ഇന്ത്യ ഒറ്റപ്പെട്ട് നില്‍ക്കുന്നതിനിടെയാണ് ശശാങ്ക് മനോഹര്‍ തുടരുമെന്ന പ്രഖ്യാപനം വരുന്നത്. ജൂണില്‍ സഥാനം ഒഴിയാനുള്ള തീരുമാനം  അംഗ രാജ്യങ്ങളില്‍  ഭൂരിപക്ഷത്തിന്‍റെയും സമ്മര്‍ദ്ദത്തിന് വഴങ്ങി ശശാങ്ക് മനോഹര്‍ ഉപേക്ഷിച്ചതായി ഐ.സി.സി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.  59കാരനായ മനോഹറിന് 2018 ജൂണ്‍ വരെ ഐ.സി.സിയില്‍ തുടരാം. ഐ.സി.സിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനായി 2016ല്‍ രണ്ട് വര്‍ഷത്തേക്കാണ് മനോഹര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ബി.സി.സിഐയില്‍ നിന്ന് ഐ.സി.സിയിലെത്തിയ മനോഹര്‍ ഇന്ത്യന്‍ ബോര്‍ഡുമായി  ഉടക്കിയതിന് പിന്നാലെ കഴിഞ്ഞ മാര്‍ച്ചില്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിക്കുകയായിരുന്നു.

എന്നാല്‍ ഐ.സി.സിയിലെ ഭരണപരിഷ്കാരങ്ങള്‍ പൂര്‍ത്തിയാകും വരെ സ്ഥാനം ഒഴിയരുതെന്ന് അംഗരാജ്യങ്ങളില്‍ ഭൂരിപക്ഷവും ആവശ്യപ്പെട്ടതോടെ ജൂണിലെ വാര്‍ഷിക കോണ്‍ഫ്രന്‍സ് വരെ തുടരാമെന്ന് മനോഹര്‍ നിലപാട് മാറ്റി. കാലാവധി പൂര്‍ത്തിയാക്കാനുള്ള പുതിയ തീരുമാനത്തോടെ ഐ.സി.സിയിലെ വരുമാനവിഹിതം സംബന്ധിച്ച കുരുക്കഴിക്കാന്‍ മനോഹറുമായി  തന്നെ ബി.സി.സിഐക്ക് ചര്‍ച്ചകള്‍ നടത്തേണ്ടിവരും. 10 കോടി ഡോളര്‍ അധികമായി
നല്‍കാമെന്ന മനോഹറിന്റെ വാഗ്ദാനം ബി.സി.സി.ഐ സ്വീകരിക്കുമോ, അതോ ഏറ്റുമുട്ടലിന് പോകുമോ എന്നാണ് ഇനി അറിയേണ്ടത്. ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് പിന്മാറിയ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ബോര്‍ഡ് നല്‍കുന്ന പരാതിയും മനോഹറിന്റെ മുന്നില്‍ വൈകാതെ എത്തും.Shashank Manohar set to complete his full term as ICC chairman

click me!