ഐപിഎല്‍ 2026 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് മുന്‍ താരം ലക്ഷ്മിപതി ബാലാജി നിര്‍ദ്ദേശിച്ചു. 

മുംബൈ: ഐപിഎല്‍ 2026 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കുന്ന അജിങ്ക്യ രഹാനെ ബാറ്റിംഗ് ഓര്‍ഡറില്‍ മൂന്നാം സ്ഥാനത്ത് തന്നെ ഇറങ്ങണമെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ ലക്ഷ്മിപതി ബാലാജി. നിലവിലെ ചാമ്പ്യന്മാരായ കെകെആര്‍ തങ്ങളുടെ കിരീടം നിലനിര്‍ത്താന്‍ കരുത്തുറ്റ ടോപ്പ് ഓര്‍ഡറിനെ ഇറക്കണമെന്നും ബാലാജി അഭിപ്രായപ്പെട്ടു. മാര്‍ച്ച് 29-ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് കെകെആറിന്റെ ആദ്യ മത്സരം. ഫിന്‍ അലന്‍, ടിം സീഫെര്‍ട്ട്, അജിങ്ക്യ രഹാനെ, കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് ബാലാജി നിര്‍ദേശിക്കുന്ന ടോപ് ഫോര്‍.

ബാലാജിയുടെ വാക്കുകള്‍... ''കെകെആര്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ടോപ്പ് ഓര്‍ഡറില്‍ തന്നെ ബാറ്റ് ചെയ്യണം. മൂന്നാം സ്ഥാനത്തിന് താഴെ അദ്ദേഹം ഇറങ്ങരുത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി മൂന്നാമനായി ഇറങ്ങി അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയിലും മൂന്നാം സ്ഥാനത്ത് അദ്ദേഹം തിളങ്ങിയിരുന്നു.' ബാലാജി പറഞ്ഞു. കഴിഞ്ഞ സീസണില്‍ 12 ഇന്നിംഗ്സുകളില്‍ നിന്ന് 390 റണ്‍സാണ് രഹാനെ നേടിയത്. സീസണിലെ റെക്കോര്‍ഡ് തുകയായ 25.20 കോടി രൂപയ്ക്ക് കെകെആര്‍ സ്വന്തമാക്കിയ കാമറൂണ്‍ ഗ്രീന്‍ നാലാം സ്ഥാനത്ത് ഇറങ്ങുന്നതാണ് ഉചിതമെന്ന് ബാലാജി കരുതുന്നു.

ഓപ്പണറായി പരിചയമുണ്ടെങ്കിലും ഓസ്ട്രേലിയക്കായി നാലാം നമ്പറില്‍ 162.14 സ്‌ട്രൈക്ക് റേറ്റില്‍ താരം റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. ഇത് ഗ്രീനിന് ക്രീസില്‍ നിലയുറപ്പിക്കാനും പിന്നീട് ആഞ്ഞടിക്കാനും സമയം നല്‍കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ശ്രേയസ് അയ്യര്‍, ഫില്‍ സാള്‍ട്ട് തുടങ്ങിയ പ്രമുഖ താരങ്ങളെ ഒഴിവാക്കിയ സാഹചര്യത്തില്‍ ടോപ്പ് ഓര്‍ഡറില്‍ വലിയ ഉത്തരവാദിത്തമാണുള്ളത്. കാമറൂണ്‍ ഗ്രീന്‍, ഫിന്‍ അലന്‍ എന്നിവര്‍ക്കൊപ്പം യുവതാരം അങ്ക്രിഷ് രഘുവംശിയും അവസരം മുതലാക്കണമെന്നും ഇവര്‍ നന്നായി കളിച്ചാല്‍ കെകെആറിന് വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു.

YouTube video player