
ഇന്ത്യ-ഇംഗ്ലണ്ട് നോട്ടിങ്ഹാം ട്വന്റി 20ക്ക് മൂന്ന് ദിവസം മുൻപാണ്. രാധ യാധവ് സ്മൃതി മന്ദാനയോട് പറഞ്ഞു. നിങ്ങള്‍ ട്വന്റി 20യില്‍ ഒരു സെഞ്ച്വറി നേടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇല്ലെങ്കില്‍ നിങ്ങളുടെ കഴിവിനോട് ചെയ്യുന്ന അനീതിയായി മാറും.
സ്മ്യതിയുടെ മറുപടി ഇപ്രകാരമായിരുന്നു. നോക്കാം ഞാനിനി. ഈ പരമ്പരയില്‍ തന്നെ അത് സാധ്യമാക്കാൻ ശ്രമിക്കാം.
142 ശ്രമങ്ങള്‍. 12 വര്‍ഷങ്ങള്‍ പിന്നിടുന്ന കാത്തിരിപ്പ്.
16-ാം ഓവറില്‍ ലോറൻ ബെല്ലിന്റെ ഫുള്‍ ലെങ്ത് പന്ത് ക്രീസുവിട്ടിറങ്ങി സ്വീപ്പര്‍ കവറിന് മുകളീലൂടെ ബൗണ്ടറി വരയിലേക്ക് തൊടുക്കുകയാണ്. പുറാത്തായ നിരവധി 70കളുടേയും 80കളുടേയും ഓര്‍മകളെ താണ്ടി ആ പന്ത്. ക്ലാസും എലഗൻസും ഡൊമിനേഷനും കലര്‍ന്ന ഇന്നിങ്സ് മൂന്നക്കത്തിലേക്ക് തൊട്ടു.
പലകുറി നിഷേധിക്കപ്പെട്ട ആ ചരിത്ര മുഹൂര്‍ത്തത്തിലേക്ക് സ്മൃതി മന്ദാന. ട്വന്റി 20യിലെ ആദ്യ സെഞ്ച്വറി. മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിത താരം. വിദേശ വിക്കറ്റില്‍ സമാനനേട്ടം ആവര്‍ത്തിക്കുന്ന മൂന്നാമത്തെ മാത്രവും. രോഹിത് ശര്‍മയ്ക്കും കെ എല്‍ രാഹുലിനും ശേഷം ആദ്യം.
പതിയെ ഹെല്‍മെറ്റൂറി, പതിവ് ചിരി, ബാറ്റുയര്‍ത്തി. ഡ്രെസിങ് റൂമിലേക്കും ഡഗൗട്ടിലേക്കും ഒരുനോട്ടം. രാധയുടെ വെല്ലുവിളിക്കുള്ള മറുപടികൂടെ നല്‍കിയായിരുന്നു സ്മൃതി തന്റെ ലളിതമായ ആഘോഷം അവസാനിപ്പിച്ചത്.
ഗാംഗുലിയെ ഗോഡ് ഓഫ് ഓഫ്സൈഡെന്നാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചതെങ്കില്‍, സ്മൃതി നോട്ടിങ്ഹാമില്‍ ഗോഡസ് ഓഫ് ഓഫ്സൈഡായി മാറുകയായിരുന്നു. കവർ ഡ്രൈവുകള്‍ക്കൊണ്ട് വിരുന്നൊരുക്കയായിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ ഷെഫാലി വര്‍മയ്ക്ക് തന്റെ തനതുശൈലിയിലേക്ക് കടക്കാനാകാതെ പോയപ്പോള്‍ സ്മൃതി അനായാസമായി റണ്‍സ് കണ്ടെത്തി. ഹൈ റിസ്ക്ക് ഷോട്ടുകളുടെയൊന്നും സഹായമില്ലാതെയുള്ള സ്കോറിങ്. നാലാം ഓവറില്‍ സ്മിത്തിന്റെ ആദ്യ പന്ത് ബാക്ക് ഫുട്ടില്‍ പോയിന്റിലൂടെ നേടിയ ബൗണ്ടറി, ടൈമിങ്ങും സാങ്കേതികത്തികവും ഒത്തുചേര്‍ന്ന ഷോട്ട്.
ലെങ്ത് മാറ്റി പരീക്ഷിച്ച സ്മിത്തിനെ പിന്നാലെ സ്ക്വയര്‍ ലെഗിലൂടെയായിരുന്നു ബൗണ്ടറിയിലെത്തിച്ചത്. സോഫി എക്ക്‌ലെസ്‌സ്റ്റോണിനെ ഏഴാം ഓവറില്‍ രണ്ട് തവണ ഗ്യാലറിയിലെത്തിച്ചു. ലോ ബൗണ്‍സ് പന്തുകളില്‍ വിക്കറ്റിന് മുന്നില്‍കുടുങ്ങാറുള്ള സ്മൃതി എക്ക്ലെസ്‌സ്റ്റോണിനെ സ്വീപ്പ് ചെയ്തായിരുന്നു ആദ്യ സിക്സ് നേടിയത്.
ട്വന്റി 20 കരിയറിലെ 31-ാം അര്‍ദ്ധ സെഞ്ച്വറിയിലേക്ക് എത്താൻ ആവശ്യമായി വന്നത് 27 പന്തുകള്‍ മാത്രം. അപ്പോഴെക്കും ഇന്ത്യയുടെ സ്കോര്‍ 75ല്‍ എത്തിയിരുന്നു. സ്മിത്തിനെതിരെ നേടിയ ബൗണ്ടറിയേക്കാള്‍ ഒരുപടി മുകളിലായിരുന്നു അര്‍ദ്ധ സെഞ്ച്വറിയിലേക്ക് കടന്ന ഷോട്ട്.
ഫയലറും എക്ക്‌ലെസ്റ്റോണും ബെല്ലുമെല്ലാം പിന്നീടും സ്മൃതിയുടെ ബാറ്റില്‍ നിന്ന് ഗ്യാലറിയിലും ബൗണ്ടറിയിലുമെത്തി. ശതകത്തിലേക്കുള്ള രണ്ടാം അര്‍ദ്ധ സെഞ്ച്വറി നേടാൻ ആവശ്യമായി വന്നത് കേവലം 24 പന്തുകളായിരുന്നു.
ഇന്നിങ്സില്‍ നാല് പന്ത് മാത്രം അവശേഷിക്കെ മടങ്ങേണ്ടി വന്നപ്പോള്‍ സ്മൃതിയുടെ സ്കോര്‍ 112ലെത്തിയിരുന്നു. ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യൻ വനിത താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയായിരുന്നു മടക്കം. 2018 ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലൻഡിനെതിരെ ഹര്‍മൻപ്രീത് കൗര്‍ നേടിയ 103 റണ്‍സ് എന്ന സ്കോറിനെയായിരുന്നു ഇംഗ്ലണ്ടിനെതിരെ സ്മ്യതി മറികടന്നത്.
സെഞ്ച്വറി ഇന്നിങ്സിലെ 78 റണ്‍സും സ്മൃതി നേടിയത് ബൗണ്ടറിയിലൂടെയായിരുന്നു. 15 ഫോറും മൂന്ന് സിക്സും. വനിത ട്വന്റി 20യില്‍ ഒരു ഇന്നിങ്സില്‍ ബൗണ്ടറിയിലൂടെ മാത്രം ഇത്രയും റണ്‍സ് നേടുന്ന ആദ്യ ഇന്ത്യൻ താരമാകാനും സ്മൃതിക്ക് കഴിഞ്ഞു.
ഇംഗ്ലണ്ടിനെതിരെ സ്മ്യതി നേടുന്ന എട്ടാമത്തെ 50 പ്ലസ് സ്കോറാണിത്. ഇംഗ്ലണ്ടിനെതിരെ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാണ് സ്മൃതി. ഓസ്ട്രേലിയയുടെ ബെത്ത് മൂണിയും എട്ട് തവണ ഇംഗ്ലണ്ടിനെതിരെ 50ലധികം റണ്‍സ് നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!