സെഞ്ചൂറിയനിലെ താരം ധോണി തന്നെ; അഭിനന്ദിച്ച് സൗരവ് ഗാംഗുലി

By Web DeskFirst Published Feb 23, 2018, 6:58 PM IST
Highlights

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ നിരയില്‍ ശ്രദ്ധ നേടിയത് കൂറ്റനടികളുമായി തിളങ്ങിയ മുന്‍ നായകന്‍ എം.എസ് ധോണിയാണ്. മത്സരത്തില്‍ 28 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും സഹിതം പുറത്താകാതെ ധോണി 52 റണ്‍സെടുത്തിരുന്നു. 20-ാം ഓവറില്‍ അഞ്ച് പന്തില്‍ ഒരു സിക്സും രണ്ട് ബൗണ്ടറിയും സഹിതം 16 റണ്‍സാണ് ധോണി അടിച്ചെടുത്തത്. 

സെഞ്ചൂറിയനില്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെച്ച എംഎസ് ധോണിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം സൗരവ് ഗാംഗുലി. ധോണി ടി20യില്‍ മികച്ച ഫോം തുടരുന്നത് ത്രില്ലടിപ്പിക്കുന്നു. കുറച്ച് പന്തുകള്‍ കൂടി കിട്ടിയിരുന്നെങ്കില്‍ ധോണി കൂടുതല്‍ അപകടകാരിയായേനേ എന്ന് ഗാംഗുലി പറയുന്നു. മുന്‍ താരങ്ങളടക്കം പലരും ധോണി ടി20യില്‍ തുടരുന്നതിനെ ചോദ്യം ചെയ്ത് നേരത്തെ രംഗത്തെത്തിയിരുന്നു. 

മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയുടെയും(79) എംഎസ് ധോണിയുടെയും(52) ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റിന് 188 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ധോണിയും പാണ്ഡ്യയും നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. എന്നാല്‍ ഹെന്‍റിക് ക്ലാസനും(69) ജെ.പി ഡുമിനിയും(69) തിളങ്ങിയപ്പോള്‍ ആറ് വിക്കറ്റിന് ദക്ഷിണാഫ്രിക്ക വിജയിക്കുകയായിരുന്നു.  

click me!