കേപ്ടൗണ്‍ ടെസ്റ്റ: പാക്കിസ്ഥാന് തകര്‍ച്ച; ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം

By Web TeamFirst Published Jan 3, 2019, 10:09 PM IST
Highlights

പാക്കിസ്ഥാനെ ചെറിയ സ്‌കോറില്‍ പുറത്താക്കി കേപ്ടൗണ്‍ ടെസ്റ്റില്‍ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആതിഥേയര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തിട്ടുണ്ട്.

കേപ്ടൗണ്‍: പാക്കിസ്ഥാനെ ചെറിയ സ്‌കോറില്‍ പുറത്താക്കി കേപ്ടൗണ്‍ ടെസ്റ്റില്‍ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആതിഥേയര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ പാക്കിസ്ഥാന്‍ 177ന് എല്ലാവരും പുറത്തായിരുന്നു. എയ്ഡന്‍ മാര്‍ക്രം (78), ഡീല്‍ എല്‍ഗാര്‍ (20) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. ഹാഷിം അംല (24) ക്രിസീലുണ്ട്.

എല്‍ഗാറിനെ മുഹമ്മദ് ആമിര്‍ മടക്കിയപ്പോള്‍ മാര്‍ക്രത്തെ ഷാന്‍ മഷൂദ് പറഞ്ഞയച്ചു. നേരത്തെ, പാക്കിസ്ഥാന്‍ തകര്‍ന്നടിയുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാന് 177 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഡുവാന്നെ ഒലിവറിന്റെ നാലും ഡേല്‍ സ്‌റ്റെയ്‌നിന്റെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് പാക്കിസ്ഥാനെ തകര്‍ത്തത്. 56 റണ്‍സ് നേടിയ പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍.

54 റണ്‍സ് എടുക്കുന്നതിനിടെ പാക്കിസ്ഥാന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ഇമാം ഉള്‍ ഹഖ് (8), ഫഖര്‍ സമാന്‍ (1), അസര്‍ അലി (2), അസാദ് ഷഫീഖ് (20), ബാബര്‍ അസം (2) എന്നിവരുടെ വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായത്. പിന്നീട് ഷാന്‍ മസൂദ് (44)- സര്‍ഫറാസ് എന്നിവരുടെ കൂട്ടുക്കെട്ടാണ് പാക്കിസ്ഥാനെ 150 കടത്തിയത്. 60 റണ്‍സാണ് ഇരുവവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ മസൂദ് വീണതോടെ പാക് വാലറ്റം ചീട്ട് കൊട്ടാരം പോലെ തകര്‍ന്നു. സര്‍ഫറാസ്, യാസിര്‍ ഷാ (5), മുഹമ്മദ് അബ്ബാസ് (0), ഷഹീന്‍ ഷാ അഫ്രീദി (3) എന്നിവരാണ് മടങ്ങിയത്. മുഹമ്മദ് ആമിര്‍ (22) പുറത്താവാതെ നിന്നു.

click me!