രോഹിതിന് സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 275 റണ്‍സ് വിജയലക്ഷ്യം

By Web DeskFirst Published Feb 13, 2018, 8:13 PM IST
Highlights

പോര്‍ട്ട് എലിസബത്ത്: ഇന്ത്യയ്ക്കെതിരായ അ‍ഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 275 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗാരംഭിച്ച ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 274 റണ്‍സെടുത്തു. 17-ാം ഏകദിന സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. വിമര്‍ശനങ്ങളെ അതിര്‍ത്തികടത്തി പരമ്പരയിലെ ആദ്യ സെഞ്ചുറി കണ്ടെത്തിയ രോഹിത് 126 പന്തില്‍ 115 റണ്‍സെടുത്ത് പുറത്തായി. 107 പന്തില്‍ എട്ട് ഫോറും നാല് സിക്സും സഹിതമാണ് രോഹിത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 

ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ ശീഖര്‍ ധവാനും രോഹിത് ശര്‍മ്മയും മികച്ച തുടക്കമാണ് നല്‍കിയത്. 23 പന്തില്‍ 34 റണ്‍സെടുത്ത ശീഖര്‍ ധവാന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. രോഹിത്-കോലി സഖ്യം മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചതോടെ ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ 36 റണ്‍സില്‍ നില്‍ക്കേ കോലി പുറത്താകുമ്പോള്‍ ടീം സ്കോര്‍ 153-2. 32 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രഹാനെ(8) കൂടി പുറത്തായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. സിംഗിളെടുക്കാന്‍ രോഹിതുമായുണ്ടായ ആശയക്കുഴപ്പമാണ് രഹാനെയ്ക്ക് വില്ലനായത്. 

ഇതോടെ ഇന്ത്യന്‍ റണ്‍വേട്ട ഏറെക്കുറെ അസ്തമിച്ചിരുന്നു. എന്നാല്‍ ഒരറ്റത്ത് അമിതാവേശമില്ലാതെ കരുതലോടെ കളിച്ച രോഹിത് തകര്‍പ്പന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. പോര്‍ട്ട് എലിസബത്തില്‍ ഏകദിനത്തില്‍ ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ സെഞ്ചുറിയും ഉയര്‍ന്ന സ്കോറുമാണ് രോഹിത് സ്വന്തമാക്കിയത്. രോഹിത് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഹര്‍ദിക് പാണ്ഡ്യ ഗോള്‍ഡണ്‍ ഡക്കായി പുറത്താകുമ്പോള്‍ 42.3 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 236-5. ഒരിക്കല്‍ കൂടി ടീമില്‍ അവസരം ലഭിച്ച ശ്രേയാംസ് അയ്യരാവട്ടെ 30 റണ്‍സെടുത്ത് പുറത്തായതോടെ ഇന്ത്യ മെല്ലെപ്പോക്കായി. 

ഈ മത്സരത്തില്‍ പതിനായിരം ക്ലബിലെത്തുമെന്ന് കരുതിയ ധോണിയാവട്ടെ(13) മര്‍ക്രാമിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ വീണതോടെ ഏഴ് വിക്കറ്റിന് 265 എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നു. ഒടുവില്‍ വാലറ്റത്ത് ഭുവനേശ്വര്‍ കുമാര്‍ 19 റണ്‍സെടുത്തും കുല്‍ദീപ് യാദവ് രണ്ട് റണ്‍സുമായും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി നാലും കഗിസോ റബാഡ ഒരു വിക്കറ്റും വീഴ്ത്തി. ഇന്ന് ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര വിജയം ഇന്ത്യയ്ക്ക് സ്വന്തമാക്കാം.


 

click me!