
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര നേടി വിരാട് കോലിയും സംഘവും പുതിയ ചരിത്രം രചിച്ചിരിക്കുന്നു. ഇതാദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര നേടുന്നത്. അഞ്ചാം ഏകദിനത്തിലെ ആധികാരിക ജയത്തോടെയാണ് ഒരു മത്സരം ബാക്കിയിരിക്കെ ഇന്ത്യ പരമ്പര പോക്കറ്റിലാക്കിയത്. അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായ അഞ്ച് കാര്യങ്ങള്‍ ഇതാണ്.
ഹര്‍ദ്ദീക് പാണ്ഡ്യയുടെ ബൗളിംഗും ഫീല്‍ഡിംഗും
ഓപ്പണിംഗ് സ്പെല്ലില്‍ ബൂമ്ര മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും വിശ്വസ്തനായ ഭുവനേശ്വര്‍കുമാര്‍ റണ്‍സ് വഴങ്ങിയത് ഇന്ത്യയെ കുഴക്കിയിരുന്നു. ഈ ഘട്ടത്തിലാണ് അഞ്ചാം ബൗളറായ ഹര്‍ദ്ദീക് പാണ്ഡ്യ ബൗള്‍ ചെയ്യാനെത്തിയത്. അപകടകാരികളായ ഡിവില്ലിയേഴ്സിനെയും ഡൂമിനെയെയും മടക്കിയ പാണ്ഡ്യ ഉജ്ജ്വലമായൊരു ഫീല്‍ഡിംഗിലൂടെ അംലയെ റണ്ണൗട്ടാക്കി കളി ഇന്ത്യയുടെ വരുതിയിലാക്കി
കുല്‍ദീപിന്റെയും ചാഹലിന്റെയും ബൗളിംഗ്
നാലാം ഏകദിനത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും തന്നെയായിരുന്നു അഞ്ചാം ഏകദിനത്തലും ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്‌ത്തിയത്. ആറു വിക്കറ്റാണ് ഇരുവരും ചേര്‍ന്ന് നേടിയത്. അംല പുറത്തായശേഷം ദക്ഷിണാഫ്രിക്കന്‍ മധ്യനിരയയെയും വാലറ്റത്തെയും ഇരുവരും ചേര്‍ന്ന് കടപുഴക്കി. ഇതില്‍ നാലു വിക്കറ്റഅ വീഴ്‌ത്തിയ കുല്‍ദീപ് യാദവാണ് കൂടുതല്‍ തിളങ്ങിയത്.
ഹിറ്റ്മാന്റെ ഫോമിലേക്കുള്ള മടങ്ങിവരവ്
ക്യാപ്റ്റന്‍ തന്നിലര്‍പ്പിച്ച വിശ്വാസംകാത്ത് രോഹിത് ശര്‍മ നേടിയ സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ അര്‍ധസെഞ്ചുറിപോലും നേടാനാവാത്തതിന്റെ നാണക്കേട് രോഹിത് സെഞ്ചുറിയിലൂടെ മറികടന്നു. സെഞ്ചുറിക്ക് ശേഷം അപകടകാരിയാവാറുള്ള രോഹിത്ത് പുറത്തായതാണ് ഇന്ത്യന്‍ സ്കോര്‍ 300ല്‍ താഴെ ഒതുങ്ങാന്‍ കാരണം.
രോഹിത്-കോലി കൂട്ടുകെട്ട്
കരുതലോടെ തുടങ്ങിയ രോഹിത്തും അടിച്ചു തകര്‍ത്ത ധവാനും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമിട്ടെങ്കിലും ഫോമിലുള്ള ധവാന്റെ പുറത്താകല്‍ ഇന്ത്യന്‍ സ്കോറിംഗിനെ ബാധിക്കാതെ നോക്കിയത് ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും തമ്മിലുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 105 റണ്‍സാണ് ഇന്ത്യന്‍ സ്കോറിന്റെ അടിത്തറയായത്.
കോലിയുടെ തന്ത്രങ്ങള്‍
ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ തന്ത്രങ്ങളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. കൃത്യമായ ബൗളിംഗ് ചേഞ്ചിലൂടെയും ഫീല്‍ഡ് വിന്യാസത്തിലൂടെയും കോലി ക്യാപ്റ്റന്റെ റോള്‍ ഭംഗിയാക്കി. അവസാന ഓവറുകളില്‍ ഹെന്‍റിച്ച് ക്ലാസന്‍ സ്പിന്നര്‍മാരെ അടിച്ചു പറത്തിയപ്പോള്‍ ബൂമ്രയെ കൊണ്ടുവന്ന് സ്കോറിംഗ് വേഗം കുറച്ച കോലിയുടെ തീരുമാനം ദക്ഷിണാഫ്രിക്കയ്ക്കുമേല്‍ സമ്മര്‍ദ്ദം കൂട്ടി. കുല്‍ദീപ് വീണ്ടും ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ കടന്നാക്രമിക്കാന്‍ ശ്രമിച്ച ക്ലാസനെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!