
ജോഹ്നാസ്ബര്‍ഗ്: ഏകദിന പരമ്പര നേടിയെങ്കിലും അവസാന ഏകദിനത്തിലും ജയിക്കാനായാണ് കളത്തിലിറങ്ങുക എന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അഞ്ചാം മത്സരത്തില്‍ ആധികാരിക ജയത്തോടെ പരമ്പര സ്വന്തമാക്കിയ ശേഷമായിരുന്നു കോലി ദക്ഷിണാഫ്രിക്കയ്ക്ക് ഈ മുന്നറിയിപ്പ് നല്‍കിയത്. ടെസ്റ്റ് പരമ്പരയിലെ തോല്‍വി ഏകദിന പരമ്പരയിലെ സമ്പൂര്‍ണ ആധിപത്യത്തോടെ ടീം ഇന്ത്യ മറന്നുകഴിഞ്ഞു. പരമ്പര സ്വന്തമായതിനാല്‍ അവസാന ഏകദിനത്തില്‍ റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്‍കുമോ എന്ന് ഷോണ്‍ പൊള്ളോക്ക് ചോദിച്ചപ്പോള്‍ അത് തള്ളിക്കളയാതിരുന്ന കോലി പക്ഷെ ജയം ആണ് വലിയ ലക്ഷ്യമെന്നും വ്യക്തമാക്കിയിരുന്നു.
എങ്കിലും അവസാന ഏകദിനത്തിനുള്ള ടീമില്‍ ഇതുവരെ അവസരം ലഭിക്കാത്ത ചിലരെങ്കിലും കളിക്കാന്‍ സാധ്യത ഏറെയാണ്. ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന ഫോമിലായിരുന്ന ഭുവനേശ്വര്‍ കുമാറിന് ഏകദിന പരമ്പരയില്‍ കാര്യമായി തിളങ്ങാനായിരുന്നില്ല. ഈ സാഹചര്യത്തില്‍ ട്വന്റി-20 പരമ്പരക്ക് മുന്നോടിയായി ഭുവിക്ക് വിശ്രമം നല്‍കി പകരം മുഹമ്മദ് ഷാമിയെ ബൂമ്രയുടെ പങ്കാളിയായി അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. ഭുവി തുടര്‍ന്നാല്‍ ബാറ്റുകൊണ്ട് കാര്യമായ സംഭാവനയൊന്നും നല്‍കാതിരുന്ന ഹര്‍ദ്ദിക് പാണ്ഡ്യയുടെ പകരക്കാരനായി ഷാമിയെ കളിപ്പിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
ദക്ഷിണഫ്രിക്കയെ കറക്കിവീഴ്‌ത്തിയതില്‍ പ്രധാന പങ്കുവഹിച്ച യുസ്വേന്ദ്ര ചാഹലിന് പകരം അക്ഷര്‍ പട്ടേലിന് അവസരം നല്‍കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ബാറ്റുകൊണ്ടും തിളങ്ങാനാവുമെന്നത് അക്ഷറിനെ അന്തിമ ഇലവനില്‍ ഉള്‍ക്കൊള്ളിക്കാനുള്ള സാധ്യത കൂട്ടുന്നു. എന്നാല്‍ റിസ്റ്റ് സ്പിന്നര്‍മാര്‍ ദക്ഷിണാഫ്രിക്ക വീഴ്ത്തിയതുപോലെ ഫിംഗര്‍ സ്പിന്നറായ അക്ഷറിന് ദക്ഷിണാഫ്രിക്കയെ കുഴയ്ക്കാനാകുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്.
ശ്രേയസ് അയ്യരാണ് അന്തിമ ഇലവനില്‍ നിന്ന് പുറത്താവാന്‍ സാധ്യതയുള്ള മറ്റൊരു താരം. ശ്രേയസിന് പകരം മനീഷ് പാണ്ഡെയോ ദിനേശ് കാര്‍ത്തിക്കോ അന്തിമ ഇലവനില്‍ കളിക്കാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ രണ്ട് ഏകദിനത്തില്‍ നിന്ന് 48 റണ്‍സ് മാത്രമാണ് അയ്യര്‍ക്ക് നേടാനായത്. നാലാം ഏകദിനത്തില്‍ നിര്‍ണായക ക്യാച്ചുകള്‍ കൈവിട്ടുകളഞ്ഞതും അയ്യര്‍ക്ക് തിരിച്ചടിയാണ്. മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ഇറക്കിയാല്‍ മാത്രമെ അയ്യര്‍ക്ക് കൂടുതല്‍ നിലയുറപ്പിച്ച് കളിക്കാനാകു. എന്നാല്‍ വിരാട് കോലിയും അജിങ്ക്യാ രഹാനെയും ആ സ്ഥാനങ്ങളില്‍ കളിക്കുന്നതിനാല്‍ അഞ്ചാമനായാണ് അയ്യര്‍ ക്രീസിലെത്തുന്നത്. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാനാവുന്നില്ലെന്നതും അയ്യര്‍ക്ക് തിരിച്ചടിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!