ഒത്തുകളി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പാക് താരം

By Web DeskFirst Published Mar 19, 2017, 7:56 AM IST
Highlights

കറാച്ചി: പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കുന്ന ഒത്തുകളി ആരോപണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പാക് സ്പിന്‍ ഇതിഹാസം അബ്ദുള്‍ ഖാദിര്‍. പാക്കിസ്ഥാന്‍ മുന്‍ നായകരായ ഇന്‍സമാം ഉള്‍ ഹഖിനെയും വസീം അക്രത്തെയും നേരത്തെ തൂക്കിലേറ്റിയിരുന്നെങ്കില്‍ പാക്കിസ്ഥാനില്‍ ക്രിക്കറ്റിലെ ഒത്തുകളി ഉണ്ടാവില്ലായിരുന്നുവെന്ന് അബ്ദുള്‍ ഖാദിര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ നിരവധി പാക് താരങ്ങള്‍ ഒത്തുകളിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ഗുരുതര ആരോപണവുമായി ഇതിഹാസ താരം തന്നെ രംഗത്തുവന്നിരിക്കുന്നത്.

അക്രവും ഇന്‍സമാമും മുഷ്താഖ് അഹമ്മദുമെല്ലാം ഒത്തുകളിയില്‍ പങ്കാളികളായിരുന്നുവെന്ന് ഖാദിര്‍ പറഞ്ഞു. ഇവരെ അന്നേ തൂക്കിലേറ്റിയിരുന്നെങ്കില്‍ ഇപ്പോള്‍ ഈ ആരോപണം ഉയരുമായിരുന്നില്ല. അന്ന് അവര്‍ക്ക് കൈക്ക് ഓരോ അടികൊടുത്ത് വിടുകയായിരുന്നു. അതാണിപ്പോഴും പാക് ക്രിക്കറ്റിനെ ഗ്രസിച്ച ഒത്തുകളിക്ക് കാരണം. 2000ല്‍ ഒത്തുകളി ആരോപണമുണ്ടായപ്പോള്‍ സലീം മാലിക്കിനെയും അതാവുര്‍ റഹ്മാനെയും ബലിയാടാക്കി പാക് ക്രിക്കറ്റ് തടിതപ്പുകയായിരുന്നു. ഒത്തുകളിയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഖയ്യൂം കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതുമില്ല. ചെറുമീനുകളെ പിടിച്ച് വമ്പന്‍ സ്രാവുകളെ വെറുതെവിടുന്ന സംസ്കാരമാണ് പാക് ക്രിക്കറ്റിലുള്ളതെന്നും ഖാദിര്‍ പറഞ്ഞു.

പാക്കില്ഥാന്‍ സൂപ്പര്‍ ലീഗിനിടെയുണ്ടായ ഒത്തുകളി ആരോപണത്തില്‍ വെള്ളിയാഴ്ച ഒരു പാക് താരത്തെക്കൂടി പാക് ക്രിക്കറ്റ് ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഷഹസൈബ് ഹസനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഒത്തുകളി ആരോപണത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെടുന്ന നാലാമത്തെ പാക് താരമാണ് ഹസന്‍. 2009ലെ ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാനുവേണ്ടി കളിച്ചിട്ടുള്ള താരമാണ് ഹസന്‍.

 

 

 

click me!