ധോണിയെ പുറത്താക്കാനുള്ള ശ്രമം ശ്രീനിവാസന്‍ തടഞ്ഞതായി വെളിപ്പെടുത്തല്‍

By Web DeskFirst Published Oct 26, 2017, 2:27 PM IST
Highlights

മഹേന്ദ്രസിങ് ധോണിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ ശ്രമം നടന്നുവെന്നും, അതിനെ എതിര്‍ത്ത് പരാജയപ്പെടുത്തിയതായും എന്‍ ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍. ബിസിസിഐ അദ്ധ്യക്ഷനായിരുന്ന കാലത്താണ് ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ അന്നത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മൊഹീന്ദര്‍ അമര്‍നാഥ് കരുക്കള്‍ നീക്കയതെന്ന് ശ്രീനിവാസന്‍ പറയുന്നു. 1983ന് ശേഷം 2011ല്‍ ഇന്ത്യയ്‌ക്ക് ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനെ അധികംവൈകാതെ എന്തടിസ്ഥാനത്തിലാണ് പുറത്താക്കുകയെന്ന്, ശ്രീനിവാസന്‍, അമര്‍നാഥിനോട് ചോദിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്‌ദീപ് സര്‍ദേശായിയുടെ പുതിയ പുസ്‌തകമായ ഡെമോക്രസീസ് ഇലവനിലാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍. ധോണിയുമായി ഉണ്ടായിരുന്ന അടുപ്പത്തിന്റെ പേരില്‍, ഇതിനെ ആരെങ്കിലും പക്ഷപാതിത്വം എന്ന് വിളിച്ചാലും തനിക്ക് പ്രശ്‌നമില്ലെന്നും, ചെയ്ത കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും എന്‍ ശ്രീനിവാസന്‍ പറയുന്നു. തന്നെ സംബന്ധിച്ച് ലോകോത്തര ക്രിക്കറ്റ് താരത്തോടുള്ള ബഹുമാനമാണ് ഈ നടപടി. അദ്ദേഹത്തിന്റെ കളിയെ വിലമതിക്കുന്നതിനൊപ്പം അര്‍ഹിക്കുന്ന ബഹുമാനം നമ്മള്‍ നല്‍കണമെന്നും എന്‍ ശ്രീനിവാസന്‍ പറയുന്നു.

ശ്രീനിവാസനുമായുള്ള ബന്ധം വിവാദമായപ്പോഴൊക്കെ അതിനെ ന്യായീകരിച്ച് ധോണിയും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്‌ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുള്ളയാളാണ് ശ്രീനിവാസനെന്ന് സര്‍ദേശായിയുടെ പുസ്‌തകത്തില്‍ ധോണി വ്യക്തമാക്കുന്നുണ്ട്. ധോണിയും ശ്രീനിവാസനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചുള്ള ഭാഗത്തിലാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നത്. ഐപിഎല്ലില്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പര്‍ കിങ്സ് താരമായിരുന്നു ധോണി. ടീമിന്റെ ഉടമസ്ഥതയില്‍ ധോണിക്കും പങ്കുള്ളതായി വിവാദം ഉയര്‍ന്നിരുന്നു.

ഐപിഎല്ലിലെ വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായനായിരുന്ന ശ്രീനിവാസന്റെ പ്രതാപം മങ്ങിത്തുടങ്ങുന്നത്. വാതുവെപ്പില്‍ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്റെ പങ്കാണ് ശ്രീനിവാസനെ കുടുക്കിയത്. എല്ലാത്തിനുമൊടുവില്‍ ശ്രീനിവാസന്റെ സ്ഥാനം നഷ്‌ടമാകുകയും, ചെന്നൈ സൂപ്പര്‍കിങ്സിന് രണ്ടുവര്‍ഷത്തെ വിലക്ക് നേരിടുകയും ചെയ്തു.

click me!