ഇന്ത്യയ്‌ക്കെതിരെ ലീഡിന് അരികില്‍ ശ്രീലങ്ക

By Web DeskFirst Published Nov 18, 2017, 5:09 PM IST
Highlights

കൊല്‍ക്കത്ത: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയെ 172 റണ്‍സിന് പുറത്താക്കിയ ശ്രീലങ്ക, ലീഡിന് അരികിലെത്തി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലിന് 165 എന്ന നിലയിലാണ് ശ്രീലങ്ക. എട്ടു റണ്‍സ് കൂടി നേടിയാല്‍ ശ്രീലങ്കയ്‌ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനാകും. അര്‍ദ്ധസെഞ്ച്വറികളുമായി തിളങ്ങിയ ലഹിരു തിരിമണ്ണെ(51), എയ്ഞ്ചലോ മാത്യൂസ്(52) എന്നിവരാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്താന്‍ സഹായിച്ചത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍, ചാന്ദിമാല്‍ 13 റണ്‍സോടെയും ഡിക്ക്‌വാല 14 റണ്‍സോടെയും ക്രീസിലുണ്ട്. തിരിമണ്ണെ, മാത്യൂസ് എന്നിവരെ കൂടാതെ സമരവിക്രമ(23)യുടെയും, കരുണരത്നെ(എട്ട്)യുടെയും വിക്കറ്റുകളാണ് ലങ്കയ്‌ക്ക് നഷ്ടമായത്. ഇന്ത്യയ്‌ക്കുവേണ്ടി ഭുവനേശ്വര്‍കുമാര്‍, ഉമേഷ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

മൂന്നാം ദിവസം കളി തുടങ്ങിയ ഇന്ത്യക്ക് പൂജാരയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പൂജാര 52 റണ്‍സെടുത്തു. രവീന്ദ്ര ജഡേജയും വൃദ്ധിമാൻ സാഹയും ചെറുത്തു നില്‍പ്പിന് ശ്രമിച്ചെങ്കിലും ഏറെ നീണ്ടില്ല. സ്കോർ 127ല്‍ നില്‍ക്കെ ജഡേജ പുറത്തായി.  22 റണ്‍സെടുത്ത രവീന്ദ്ര ജഡേജക്ക് പിന്നാലെ 29 റണ്‍സെടുത്ത വൃദ്ധിമാൻ സാഹയും പുറത്തായി. അവസാന വിക്കറ്റില്‍ മുഹമ്മദ് ഷമിയും ഉമേഷ് യാദവും നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യൻ സ്കോർ 150 കടത്തിയത്. ഷമി 24 റണ്‍സെടുത്തു. ശ്രീലങ്കക്ക് വേണ്ടി സുരംഗ ലക്‌മല്‍ നാലു വിക്കറ്റ് വീഴ്ത്തി.

click me!