
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേള ഇത്തവണ മുടങ്ങാന്‍ സാധ്യത. മേളയുടെ നടത്തിപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കായികാധ്യാപകര്‍ തീരുമാനിച്ചതോടെയാണ് അത്‌ലറ്റിക്‌സും ഗെയിംസും അനിശ്ചിതത്ത്വത്തിലായത്. സംസ്ഥാനത്തെ ഒരു ജില്ലയില്‍ പോലും കായിക മേളകളുടെ പ്രാരംഭ തയ്യാറെടുപ്പുകള്‍ പോലും തുടങ്ങിയിട്ടില്ല. കായികാധ്യാപക തസ്തികകള്‍ കാലോചിതമായി പരിഷ്ക്കരിച്ച് തസ്തികകള്‍ സൃഷ്‌ടിക്കുക, ശമ്പളത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കായികാധ്യാപകര്‍ കഴിഞ്ഞ മാസം എട്ട് മുതല്‍ സമരിത്തിലാണ്.
രണ്ടായിരത്തോളം കായികാധ്യാപകരാണ് സമരത്തിലുള്ളത്.പ്രതിഷേധ സൂചകമായി സംസ്ഥാനത്തെ 163 സബ് ജില്ലകളിലേയും 14 റവന്യൂ ജില്ലകളിലേയും സെക്രട്ടറിമാര്‍ രാജിയും വെച്ചു. ഇവരാണ് സബ്ജില്ല ,റവന്യൂ ജില്ല കായിക മേളകളുടെ നടത്തിപ്പുകാര്‍. ഇവരുടെ രാജിയോടെ സബ്ജില്ല, റവന്യൂ ജില്ല കായിക മേളകള്‍ മുടങ്ങി.ദേശീയ സ്കൂള്‍ അത്‌ലറ്റിക്സിന്റെ സീനിയര്‍ വിഭാഗം മത്സരങ്ങള്‍ ഇത്തവണ അടുത്ത മാസം അവസാനമാണ്. അതിനാലാണ് സംസ്ഥാന സ്കൂള്‍ കായികമേള അടുത്ത മാസം 13 മുതല്‍ 16 വരെ കോട്ടയം പാലായില്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ സബ്ജില്ല, റവന്യൂ ജില്ല മത്സരങ്ങള്‍ അനിശ്ചതത്ത്വത്തിലായതോടെ സംസ്ഥാന സ്കൂള്‍ കായികമേള മുടങ്ങാനാണ് സാധ്യത.
നിലവില്‍ നിശ്ചയിച്ച തിയതിയില്‍ സംസ്ഥാന കായിക മേള നടത്തെണമെങ്കില്‍ ഈ മാസം ഇരുപത്തെട്ടിനകമെങ്കിലും സബ്ജില്ല, റവന്യൂ ജില്ല മത്സരങ്ങള്‍ പൂര്‍ത്തിയാക്കണം. എന്നാലേ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുന്നവരുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് സംസ്ഥാന മേളയുടെ തയ്യാറെടുപ്പുകള്‍പൂര്‍ത്തിയാക്കാനാവൂ. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ ഇത് അപ്രായോഗികമാണ്. ദേശീയ മേള കഴിഞ്ഞ് സംസ്ഥാന കായിക മേള നടത്തിയിട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രയോജനവും ഇല്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!