ഇവന്‍ ഇന്ത്യയുടെ വീരനായകന്‍

By Web deskFirst Published Jun 3, 2018, 8:50 PM IST
Highlights
  • ഇന്ത്യന്‍ നായകന്‍റെ 100-ാം മത്സരം തിങ്കളാഴ്ച
  • 100-ാം മത്സരം കളിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

മുംബെെ:  എല്ലാ കണ്ണുകളും ആ കുറിയ മനുഷ്യനിലേക്ക് നീളുകയാണ്. നീല ജഴ്സിയില്‍ സ്വപ്നങ്ങള്‍ നിറച്ച പന്തുമായി കുതിക്കുമ്പോള്‍ കാല്‍പ്പന്തിനെ സ്നേഹിക്കുന്നവര്‍ക്കെല്ലാം അവന്‍ വീരനായകനാണ്. ഒരു ഇന്ത്യന്‍ ഫുട്ബോള്‍ താരത്തിന് കൊത്തിപ്പറക്കാവുന്ന നേട്ടങ്ങള്‍ എല്ലാം സ്വന്തമാക്കിയ താരത്തിന് മുന്നില്‍ നാളെ മറ്റൊരു റെക്കോര്‍ഡ് കൂടി വഴിമാറും. ഇന്ത്യക്കായി നൂറ് രാജ്യാന്തര മത്സരം കളിച്ച  നേട്ടം പേരിലെഴുതി ചേര്‍ക്കുമ്പോള്‍ കാലത്തിനും മായ്ക്കാന്‍ കഴിയാത്ത സുവര്‍ണ നിമിഷമാണ് സുനില്‍ ഛേത്രിയെ കാത്തിരിക്കുന്നത്.

പക്ഷേ, ടീമിന്‍റെ മത്സരങ്ങള്‍ കാണാനായി ആരാധകരോട് സ്റ്റേഡിയത്തിലെത്താന്‍ പ്രതിഭയുടെ ഔന്നത്യത്തില്‍ നില്‍ക്കുന്ന ഒരു താരത്തിന് പറയേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് ആ മനുഷ്യനോട് ഓരോ ഇന്ത്യക്കാരും ചെയ്തു പോയ മഹാ അപരാതമാണ്. കൂക്കി വിളിക്കില്ല... കളിയാക്കില്ല... നിങ്ങള്‍ക്ക് വേണ്ടി ഓരോ ഇന്ത്യക്കാരനും നിങ്ങളുടെ നൂറാം മത്സരത്തില്‍ ആര്‍പ്പ് വിളിക്കും സുനില്‍ ഛേത്രി എന്ന് ആ തെറ്റിന് പ്രായശ്ചിത്തമായി മനസു കൊണ്ടെങ്കിലും പറയേണ്ടിയിരിക്കുന്നു.

ഇന്ത്യയുടെ ചരിത്ര പുസ്തക താളില്‍ എഴുതപ്പെട്ട ഫുട്ബോള്‍ ക്ലബ്ബായ മോഹന്‍ ബഗാന്‍റെ കളിത്തട്ടില്‍ തുടങ്ങിയ കാലം മുതല്‍  ഛേത്രിയുടെ ബൂട്ടുകള്‍ നിര്‍ത്താതെ ഗര്‍ജിക്കുകയാണ്. പിന്നീട് ജെസിടിയിലും ഈസ്റ്റ് ബംഗാളിലും ഡെംപോ ഗോവയിലുമെല്ലാം അലയൊലികള്‍ തീര്‍ത്ത ആ കരിയര്‍ ബംഗളൂരു എഫ്സിയില്‍ വന്നു നില്‍ക്കുന്നു. അത്രയൊന്നും മേന്മ അവകാശപ്പെടാനില്ലാത്ത കാലത്ത് 2005ല്‍ ഇന്ത്യന്‍ ഫുട്ബോളില്‍ അരങ്ങേറി ഇന്നും നിത്യ വസന്തമായി നില്‍ക്കമ്പോള്‍ രാജ്യാന്തര ഫുട്ബോളില്‍ 100 എന്ന മാജിക് സംഖ്യ നിങ്ങളുടെ പേരിനൊപ്പം എഴുതി ചേര്‍ക്കാന്‍ ഒരു മത്സരം മാത്രമാണ് ബാക്കി. 99 മത്സരങ്ങളില്‍ 59 ഗോളുകള്‍, കണക്കിലെ കളിയില്‍ ലോക ഫുട്ബോളില്‍ നിലവില്‍ കളിക്കുന്ന മുന്‍നിര സ്ട്രെെക്കര്‍മാരെ എല്ലാം പിന്നിലാക്കിയാണ് കുതിപ്പ്.

ഇനി മുന്നിലുള്ളത് രണ്ടു പേര്‍ മാത്രം. ആ പേരുകള്‍ മാത്രം മതി സുനില്‍ ഛേത്രിയുടെ പ്രതിഭ എത്ര വില മതിക്കാനാവാത്തതാണെന്ന് മനസിലാക്കാന്‍. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളായി വാഴ്ത്തപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലയണല്‍ മെസിയുടെയും തൊട്ടുതാഴെ സുനില്‍ ഛേത്രിയാണ്. സംശയം വേണ്ട, ഇന്ത്യന്‍ ടീമിന്‍റെ നായകന്‍ ഛേത്രി തന്നെ. രാജ്യാന്തര ഫുട്ബോളിലെ ടോപ് ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ 25-ാം സ്ഥാനം എത്രയോ വലുതാണെന്ന് മനസിലാക്കണമെങ്കില്‍ മുകളിലുള്ള പേരുകളുടെ വലിപ്പം കൂടെ നോക്കണം. അതില്‍ പുഷ്കാസും, പെലെയും, ഇബ്രഹാമോവിച്ചും, റൊണാള്‍ഡോയും മെസിയുമെല്ലാമുണ്ട്.  

ഫിഫ റാങ്കിംഗില്‍ ഇന്ന് ഇന്ത്യ 97-ാം സ്ഥാനത്ത് എത്തി നില്‍ക്കുന്നെങ്കില്‍ അതില്‍ ഛേത്രിയുടെ പങ്ക് മറ്റാരെക്കാളും ഒരു പടിയെങ്കിലും മുമ്പിലായിരിക്കും. ഇന്ത്യന്‍ ഫുട്ബോള്‍ കണ്ട മികച്ച സ്ട്രെെക്കര്‍മാരുടെ പട്ടികയില്‍ ഐ.എം. വിജയനും, ബെെച്ചുംങ് ബൂട്ടിയക്കുമൊപ്പം, അല്ലെങ്കില്‍ അവരെക്കാള്‍ ഒരു പടി മുകളില്‍ വാഴ്ത്തപ്പെടാന്‍ അര്‍ഹതയുള്ള താരമാണ് ഛേത്രി. ഇന്ത്യന്‍ ഫുട്ബോളില്‍ ഒരു നവവിപ്ലവം ആരംഭിച്ചപ്പോള്‍ അതിലെ മുന്നണി പോരാളിയും ഛേത്രി തന്നെയാണ്.

 2007ലെ നെഹ്റു കപ്പ് നേടി തരുന്നതില്‍ തുടങ്ങുന്നതാണ് ഇന്ത്യന്‍ ഫുട്ബോളിലെ 'ഛേത്രി' വസന്തം. പത്തു വര്‍ഷത്തിന് ശേഷം അന്ന് ഇന്ത്യ നെഹ്റു കപ്പില്‍ മുത്തമിടുമ്പോള്‍ ടൂര്‍ണമെന്‍റില്‍ നാലു ഗോളുകള്‍ ഛേത്രി കുറിച്ചിരുന്നു. അടുത്തത് ഇന്ത്യ വേദിയൊരുക്കിയ എഎഫ്സി ചലഞ്ച് കപ്പ്. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ആ കീരീടം നീലപ്പട ഉയര്‍ത്തുമ്പോള്‍ ടീമിന്‍റെ ടോപ് സ്കോറര്‍ ആയത് മറ്റാരുമല്ലായിരുന്നു.  24 വര്‍ഷത്തിന് ശേഷം ഏഷ്യന്‍ കപ്പിനുള്ള യോഗ്യതയാണ് ആ കിരീട നേട്ടം രാജ്യത്തിന് സമ്മാനിച്ചത്.

2007ന് ശേഷം 2009ലെയും 2012ലെയും നെഹ്റു കപ്പ്, 2011ലെയും 2016ലെയും സാഫ് ചാമ്പ്യന്‍ഷിപ്പ് എന്നിങ്ങനെ ദേശീയ ടീമിനായി ഛേത്രി തകര്‍ത്ത് കളിച്ച ടൂര്‍ണമെന്‍റുകള്‍, ഇന്ത്യയുടെ കിരീട വരള്‍ച്ചകള്‍ മാറ്റിയെടുത്തു. ഐ-ലീഗിലും പിന്നീട് ഐഎസ്എല്ലിലും ആ ബൂട്ടുകള്‍ നിറയൊഴിച്ചപ്പോള്‍ യൂറോപ്പിലെ വമ്പന്‍ താരങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ഫുട്ബോളിനെപ്പറ്റിയുള്ള ധാരണകളാണ് മാറിമറിഞ്ഞത്. എഎഫ്സി കപ്പ് കളിക്കുന്ന ആദ്യ ടീമായി 2016ല്‍ ബംഗളൂരു എഫ്സി മാറുമ്പോള്‍ നെടുനായകത്വം വഹിച്ചതും ഛേത്രി തന്നെ.

ഇന്ന് ഇന്‍റര്‍കോണ്ടിനന്‍റല്‍ ഇന്ത്യ ലക്ഷംവെയ്ക്കുന്നുണ്ടെങ്കില്‍ അരങ്ങേറി പതിമൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്ന ഛേത്രിയുടെ ബൂട്ടുകളില്‍ നിന്നു ഗോളുകള്‍ പിറക്കുമെന്ന് വിശ്വസിച്ചാണ്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന ബെെച്ചുങ് ബൂട്ടിയയുടെ റെക്കോര്‍ഡ് പഴക്കഥയാകാന്‍ ഛേത്രിക്ക് ഇനി നാലു മത്സരങ്ങള്‍ കൂടെ മതി. ആഫ്രിക്കയുടെ വന്യമായ കരുത്തുമായി എത്തുന്ന കെനിയയെ തിങ്കളാഴ്ച നേരിടുമ്പോള്‍ വിജയമല്ലാതെ ഇന്ത്യന്‍ ടീമിന് മറ്റു ലക്ഷ്യങ്ങള്‍ ഒന്നുമില്ല, കാരണം ഇത് അവരുടെ നായകന്‍റെ 100-ാം രാജ്യാന്തര മത്സരമാണ്. സച്ചിന്‍റെ നൂറാം സെഞ്ച്വറി പോലെ, ഒളിമ്പിക്സില്‍ നേടിയെടുത്ത മെഡലുകള്‍ പോലെ... മാറ്റേറെയുള്ള നേട്ടം. ഇന്ത്യന്‍ ഫുട്ബോളിന്‍റെ രാജകുമാരനായി ആര്‍പ്പ് വിളിക്കാം... മുഴങ്ങട്ടെ ഛേത്രി നാദം..!
 

click me!