ഗോളടിയില്‍ വെയ്ന്‍ റൂണിയെയും മറികടന്ന് സുനില്‍ ഛേത്രി

By Web DeskFirst Published Jun 16, 2017, 11:41 AM IST
Highlights

മുംബൈ: കിര്‍ഗിസ്ഥാനെതിരെ ഇന്ത്യയുടെ വിജയഗോള്‍ നേടിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് അഭിമാന നേട്ടം. രാജ്യാന്തര ഫുട്ബോളില്‍ നിലവിലെ താരങ്ങളില്‍ ഗോള്‍ വേട്ടയില്‍ നാലാം സ്ഥാനത്താണ് ഛേത്രിയിപ്പോള്‍. കിര്‍ഗിസ്ഥാനെതിരെ നേടിയ ഗോളോടെ ഛേത്രിയുടെ രാജ്യാന്തര ഗോള്‍ നേട്ടം 54 ആയി ഉയര്‍ന്നു.

ഇംഗ്ലണ്ട് സൂപ്പര്‍താരം വെയ്ന്‍ റൂണിയടക്കമുളള പ്രമുഖരെയാണ് ഛേത്രി പിന്നിലാക്കിയത്. സജീവ ഫുട്ബോളില്‍ നിലവിലെ താരങ്ങളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ക്ലിന്റ് ഡെംപ്സെയും മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്. ഇന്ത്യക്കായി ഓരോ മത്സരത്തിലും ഛേത്രി നേടുന്ന ഗോളുകളുടെ അനുപാതം 0.57 ആണ്. റൊണാള്‍ഡോയേക്കാളും മെസ്സിയെക്കാളും മികച്ച നേട്ടമാണിത്.

ഫിഫ റാങ്കിംഗില്‍ ഇന്ത്യ 100-ം സ്ഥാനത്തെത്തിയതിനു പിന്നിലും ഛേത്രിയുടെ ഗോള്‍ വേട്ടയ്ക്ക് നിര്‍ണായക സ്വാധീനമുണ്ട്. ഇന്ത്യക്കായി 94 മത്സരങ്ങളില്‍ ഛേത്രി ദേശീയ ജേഴ്സി അണിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ കിര്‍ഗിസ്ഥാനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ കീഴടക്കിയത്. സെപ്റ്റംബര്‍ അഞ്ചിന് എവേ മത്സരത്തില്‍ മക്കാവു ആണ് ഇന്ത്യയുടെ എതിരാളികള്‍.

click me!