
ദില്ലി: രണ്ട് ദിവസം മുന്‍പാണ് സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ ചൈനയെ സമനിലയില്‍ തളച്ചത്. അതും അവരുടെ നാട്ടില്‍. രാജ്യത്തെ ഫുട്‌ബോള്‍ ആരാധകര്‍ ടീമിനെ അഭിനന്ദിക്കാനും മറന്നില്ല. ആതിഥേയരെ ഗോളടിപ്പിക്കാതെ നിര്‍ത്തിയെന്ന് മാത്രമല്ല, നിരവധി അവസരങ്ങള്‍ ഇന്ത്യ മെനഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ ടീം ക്യാംപില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍താരം സുനില്‍ ഛേത്രിയും കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
സന്ദേശ് ജിങ്കാനെ ക്യാപ്റ്റനാക്കിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഛേത്രിയാവും ടീമിനെ നയിക്കുക എന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ചൈനക്കെതിരായ മത്സരത്തില്‍ നായകനായത് ബ്ലാസ്റ്റേഴ്‌സ് താരം ജിങ്കനാണ്. പരിശീലകന്‍ എന്താണോ ഉദ്ദേശിക്കുന്നത്, അത് കളത്തില്‍ പ്രകടിപ്പിക്കുന്നയാളാണ് നായകനാവേണ്ടതെന്ന് കോണ്‍സ്റ്റന്റൈന്‍ പറഞ്ഞിരുന്നു. ഛേത്രിയെ നായകനാക്കാന്‍ താല്‍പര്യമില്ലെന്ന് തെളിയിക്കുന്നതായിരുന്നു കോണ്‍സ്റ്റന്റൈന്റെ വാക്കുകളെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ടീമിലെ മുതിര്‍ന്ന താരങ്ങളുടെ പിന്തുണയോടെ കോണ്‍സ്റ്റന്റയിനെ മാറ്റണമെന്ന് ഛേത്രി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ടീമിന് പുതിയ തന്ത്രങ്ങള്‍ വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. മുന്‍ ബംഗളൂരു എഫ്.സി കോച്ച് ആല്‍ബര്‍ട്ട് റോക്കയെ പരിശീലകനാക്കാനാണത്രെ ഛേത്രിയുടെ താല്‍പര്യം. എന്നാല്‍ ഛേത്രിയുള്‍പ്പെടെയുള്ള താരങ്ങളുടെ സമ്മര്‍ദ്ദം ഫുട്‌ബോള്‍ ഫെഡറേഷന്‍ തള്ളുകയായിരുന്നു. കരാര്‍ പ്രകാരം കോണ്‍സ്റ്റന്റയിന് ഇനിയും കാലാവധിയുണ്ടെന്നും അതിന് മുമ്പ് പുറത്താക്കുന്നത് ശരിയല്ലെന്നുമാണ് ഫുട്‌ബോള്‍ ഫെഡറേഷന്റെ നിലപാട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!