ധോണിക്കും ധവാനുമെതിരെ ആഞ്ഞടിച്ച് ഗവാസ്കര്‍

By Web TeamFirst Published Dec 4, 2018, 4:41 PM IST
Highlights

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയാറാവാത്ത എംഎസ് ധോണിക്കും ശീഖര്‍ ധവാനുമെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ലോകകപ്പിന് ഇനിയും ആറു മാസം ബാക്കിയുണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് ധോണിയോടും ധവാനോടും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ബിസിസിഐ ആവശ്യപ്പെടാത്തതെന്നും ഗവാസ്കര്‍ ചോദിച്ചു. ദേശീയ ടീമിനായി കളിക്കാത്തപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കേണ്ടെന്ന് ഇവരോട് ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ഗവാസ്കര്‍ പറഞ്ഞു.

മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയാറാവാത്ത എംഎസ് ധോണിക്കും ശീഖര്‍ ധവാനുമെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ലോകകപ്പിന് ഇനിയും ആറു മാസം ബാക്കിയുണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് ധോണിയോടും ധവാനോടും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ബിസിസിഐ ആവശ്യപ്പെടാത്തതെന്നും ഗവാസ്കര്‍ ചോദിച്ചു. ദേശീയ ടീമിനായി കളിക്കാത്തപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കേണ്ടെന്ന് ഇവരോട് ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ഗവാസ്കര്‍ പറഞ്ഞു.

ഇവര്‍ രണ്ടുപേരും പ്രത്യേകിച്ച് ധോണി എന്തുകൊണ്ടാണ് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിക്കാത്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റിലും ട്വന്റി-20യിലും കളിക്കാത്ത ധോണി ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിലും കളിക്കുന്നില്ല. അടുത്തവര്‍ഷം ജനുവരിയിലെ ഇനി ധോണിക്ക് മത്സരമുള്ളു. അതുവരെ ധോണി മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അത് വലിയൊരു ഇടവേളയാണ്. ജനുവരിയില്‍ നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരായ ഏകദിന പരമ്പരകളിലും ധോണിക്ക് തിളങ്ങാനായില്ലെങ്കില്‍ നിരവധി ചോദ്യങ്ങളുയരുമെന്നും ഗവാസ്കര്‍ പറഞ്ഞു.

പ്രായമാകുതോറും റിഫ്ലക്സുകള്‍ കുറയാമെന്നും ഇതിനൊരു പരിഹാരം തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുക എന്നതാണെന്നും ഗവാസ്കര്‍ വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റില്‍ വലിയ ഇന്നിംഗ്സുകള്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത് ഫോം വീണ്ടെടുക്കാന്‍ സഹായകരമാകുമെന്നും ഗവാസ്കര്‍ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരക്കുശേഷം ഓസ്ട്രേലിയയിലുള്ള കുടുംബത്തോടൊപ്പമാണ് ധവാന്‍. ധോണിയാകട്ടെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുശേഷം മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല.

click me!