ഓപ്പണിംഗില്‍ രോഹിതിന് പകരം അഗര്‍വാള്‍ വരട്ടെ: ഗവാസ്ക‌ര്‍

By Web DeskFirst Published Mar 4, 2018, 3:19 PM IST
Highlights
  • അഗര്‍വാളിന് അവസരം നല്‍കാത്തത് അനീതിയാണെന്ന് സുനില്‍ ഗവാസ്കര്‍

മുംബൈ: ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മായങ്ക് അഗര്‍വാളിന് അവസരം നല്‍കാതിരുന്നത് വിവാദമായിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോളാണ് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള താരത്തെ ദേശീയ സെലക്ടര്‍മാര്‍ തഴഞ്ഞത്. മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് അനീതിയാണെന്ന് തുറന്നടിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍.

രോഹിത് ശര്‍മ്മയെ ടീമില്‍ നിലനിര്‍ത്തിയ സെലക്ടര്‍മാര്‍ക്കെതിരെയാണ് ഗവാസ്കര്‍ ഒളിയമ്പ് എയ്യുന്നത്. ദക്ഷിണാഫ്രിക്കയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ശീഖര്‍ ധവാന് വിശ്രമം നല്‍കണമെന്ന് പലരും വാദിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ ധവാനേക്കാള്‍ മത്സരം കളിച്ചത് രോഹിത് ശര്‍മ്മയാണ്. എന്നിരുന്നിട്ടും മികച്ച പ്രകടം കാഴ്ച്ചവെക്കാത്ത രോഹിതിന് എന്തുകൊണ്ട് വിശ്രമം അനുവദിച്ചുകൂടായെന്ന് ഗവാസ്കര്‍ ചോദിക്കുന്നു.

ത്രിരാഷ്ട്ര ടി20 ടീമില്‍ വിരാട് കോലി, എംഎസ് ധോണി, ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ബൂംറ, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. പകരം ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, വിജയ് ശങ്കര്‍, മുഹമ്മഹ് സിറാജ്, റിഷഭ് പന്ത് എന്നിവര്‍ക്കാണ് സെലക്ടര്‍മാര്‍ അവസരം നല്‍കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന മിക്ക താരങ്ങള്‍ക്കും ടീമില്‍ അവസരം ലഭിക്കാറില്ലെന്ന് ഗവാസ്കര്‍ പറയുന്നു. 

click me!