കോലിയുടെ സ്ഥിരതയ്ക്ക് പിന്നിലെ രഹസ്യം സിംപിളാണ്: സുനില്‍ ഗവാസ്‌കര്‍ പറയുന്നു

By Web DeskFirst Published Oct 30, 2017, 11:33 PM IST
Highlights

സമാനതകളില്ലാത്ത പ്രകടനവുമായി നേട്ടങ്ങളുടെ കൊടുമുടി കയറുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി. ന്യൂസിലാന്‍ഡിനെതിരായി രണ്ട് സെഞ്ച്വറികളടിച്ച് 263 റണ്‍സുമായി പരമ്പരയിലെ താരമായ കോലി ഐ.സി.സി റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും തിരിച്ചുപിടിച്ചു. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. നേരത്തെ ഐ.സി.സി റാങ്കിങ്ങില്‍ 887 പോയിന്റുമായാണ് സച്ചിന്‍ ഒന്നാം സ്ഥാനത്തെത്തിയതെങ്കില്‍ കോലി 889 പോയിന്റ് നേടി ആ റെക്കോര്‍ഡ് മറികടന്നു.

കുറഞ്ഞ ഏകദിന മത്സരങ്ങളില്‍ 9000 റണ്‍സ് മറികടക്കുന്ന താരമെന്ന ബഹുമതിയും കഴിഞ്ഞ പരമ്പരയോടെ കോലിക്ക് സ്വന്തമായി. ഇത്തരത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് മുന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. പാളിച്ചകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയും പിന്നീട് അത് ആവര്‍ത്തിക്കുകയും ചെയ്യാതിരിക്കുന്നതാണ് കോലിയുടെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന് പിന്നിലെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. 

എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്. കളിയില്‍ ഒരു പിഴവ് സംഭവിച്ചാല്‍ വീണ്ടും അത് ആവര്‍ത്തിക്കുന്നവരാണ് പലരും എന്നാല്‍ കോലിയെ സംബന്ധിച്ച് ഒരിക്കല്‍ ഉണ്ടായ പാളിച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കഠിനാധ്വാനം ചെയ്യും ഇത് തന്നെയാണ് അദ്ദേഹത്തെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നതും-ഗവാസ്‌കര്‍ പറഞ്ഞു.
 

click me!