ജസ്റ്റിസ് ഡി കെ ജെയിന്‍ ബിസിസിഐ ഓംബുഡ്സ്മാന്‍

By Web TeamFirst Published Feb 21, 2019, 5:48 PM IST
Highlights

ടിവി ഷോയിലെ വിവാദ പരാമര്‍ശങ്ങളില്‍ ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുലിനും ഹര്‍ദ്ദീക് പാണ്ഡ്യക്കുമെതിരായ അന്വേഷണത്തിന് ‍ഡി കെ ജെയിനാകും മേല്‍നോട്ടം വഹിക്കുക.

ദില്ലി: ജസ്റ്റിസ് ഡി കെ ജെയിനിനെ ബിസിസിഐ ഓംബുഡ്സ്മാനായി സുപ്രീംകോടതി നിയമിച്ചു.ജസ്റ്റിസുമാരായ എസ് എ ബോഡെ, എ എം സപ്രെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജസ്റ്റിസ് ജെയിനെ ഓംബുഡ്സ്മാനായി നിയമിച്ചുകൊണ്ട് ഉത്തരവിട്ടത്.ടിവി ഷോയിലെ വിവാദ പരാമര്‍ശങ്ങളില്‍ ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുലിനും ഹര്‍ദ്ദീക് പാണ്ഡ്യക്കുമെതിരായ അന്വേഷണത്തിന് ‍ഡി കെ ജെയിനാകും മേല്‍നോട്ടം വഹിക്കുക. അതുപോലെ ബിസിസിഐയും സംസ്ഥാന അസോസിയേഷനുകളും തമ്മിലുള്ള തര്‍ക്കങ്ങളും ഡി കെ ജെയിനിന്റെ മേല്‍നോട്ടത്തിലാവും.

ടിവി ഷോയിലെ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന് രാഹുലിനെയും പാണ്ഡ്യയെയും ബിസിസിഐ സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നെങ്കിലും അന്വേഷണം നടത്താന്‍ ഓംബുഡ്സ്മാനില്ലാത്തതിനാല്‍ സസ്പെന്‍ഷന്‍ മരവിപ്പിച്ച് ഇരുവരെയും ടീമിലെടുക്കുകായായിരുന്നു. പാണ്ഡ്യയെ ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ രാഹുലിനെ ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തി.

ഇരുവര്‍ക്കുമെതിരായ അന്വേഷണത്തിന് പുറമെ ബിസിസിഐ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വഷണങ്ങളും അച്ചടക്ക നടപടികളും തീരുമാനിക്കുക ഇനി ജസ്റ്റിസ് ജെയിനാകും. ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുള്ള ജസ്റ്റിസ് ജെയിന്‍ ബിസിസിഐ ഓംബുഡ്സ്മാനായി ഉടന്‍ ചുമതലയേല്‍ക്കും.

അതേസമയം, ബിസിസിഐ ഇടക്കാല ഭരണസിമിതിയിലെ അഭിപ്രായ ഭിന്നതകളില്‍ സുുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. വിനോദ് റായ്, ഡയാന എഡുല്‍ജി എന്നിവര്‍ക്ക് പുറമെ മൂന്നാമതൊരു അംഗത്തെക്കൂടി ഇടക്കാല ഭരണസമിതിയില്‍ ഉടന്‍ നിയമിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പരസ്യമായി ഏറ്റുമുട്ടരുതെന്ന് വിനോദ് റായിയെയും ഡയാന എഡുല്‍ജിയെും ഉപദേശിക്കണമെന്ന് അമിക്കസ് ക്യൂറി അഡ്വ. പി എസ് നരസിംഹയ്ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. 2015ല്‍ ഒരു സീസണിലേക്ക് മാത്രമായി നിയമിതനായ ജസ്റ്റിസ് എ പി ഷായ്ക്ക് ശേഷം ബിസിസിഐയിലെ ഓംബുഡ്സ്മാന്‍ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു.

click me!