ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂറിനെ പുറത്താക്കി

By Web DeskFirst Published Jan 2, 2017, 12:50 AM IST
Highlights

ദില്ലി: ബിസിസിഐ അധ്യക്ഷൻ അനുരാഗ് ഠാക്കൂറിനെ ബിസിസിഐ അധ്യക്ഷ സ്‌ഥാനത്തുനിന്നു നീക്കാൻ സുപ്രീം കോടതി നിർദേശം. ബിസിസിഐയിൽ ലോധകമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് ഠാക്കൂറിനെയും ബിസിസിഐ സെക്രട്ടറി അജയ് ഷിർക്കെയെയും നീക്കാൻ സുപ്രീം കോടതി നിർദേശിച്ചത്. നിലവിലുള്ള ഭരണസമിതി പിരിച്ചുവിട്ട് പുതിയവ രൂപീകരിക്കാനും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂർ, ജസ്റ്റീസുമാരായ എ.എം.ഖൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ലോധ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ വിസമ്മതിച്ച സംസ്ഥാന അസോസിയേഷനുകളെയും ഭാരവാഹികളെയും പിരിച്ചുവിടാനും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, കേന്ദ്ര ആഭ്യന്തര മുൻ സെക്രട്ടറി ജി.കെ. പിള്ള അധ്യക്ഷനായ സമിതിയെ ബിസിസിഐ തലപ്പത്ത് നിയമിക്കണമെന്ന നിർദേശത്തിൽ കോടതി വ്യക്തത വരുത്തിയിട്ടില്ല.

നേരത്തെ, ബിസിസിഐ നേതൃത്വത്തെ പിരിച്ചുവിടാൻ നിർദേശിച്ച് ലോധ കമ്മിറ്റി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ളയെ ബിസിസിഐ നിരീക്ഷകനാക്കാനും ലോധ കമ്മിറ്റി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ലോധ കമ്മിറ്റി റിപ്പോർട്ടിൽ നിർദേശിച്ചിരുന്ന ഭേദഗതികൾ നടപ്പിലാക്കാൻ തയറാകാത്തതിനെ തുടർന്ന് നിരവധി തവണ ബിസിസിഐയെ സുപ്രീം കോടതി വിമർശിച്ചിരുന്നു. ബിസിസിഐ ഭരണഘടനയെ വിമർശിച്ച സുപ്രീം കോടതി, ഇത് ഒരുതരത്തിലുള്ള സുതാര്യതയും നൽകുന്നില്ലെന്നും വിമർശനമുന്നയിച്ചിരുന്നു.

ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കുന്നതുവരെ വിവിധ ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ഫണ്ട് അനുവദിക്കുന്നതിൽനിന്ന് ബിസിസിഐയെ സുപ്രീം കോടതി വിലക്കിയിരുന്നു. ജസ്റ്റീസ് ആർ.എം.ലോധ സമിതി ശിപാർശ ചെയ്ത മാറ്റങ്ങൾ പൂർണമായി നടപ്പാക്കുമെന്ന് ഉറപ്പുനൽകാൻ ബിസിസിഐ വിസമ്മതിച്ചതോടെയാണ് പണം കൈമാറുന്നതിൽനിന്നു ബിസിസിഐയെ സുപ്രീം കോടതി വിലക്കിയത്.

click me!