ഡേവിഡ് ജെയിംസിന് കീഴില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് പുനെ എഫ്‌സിക്കെതിരെ

By web deskFirst Published Jan 4, 2018, 8:38 AM IST
Highlights

കൊച്ചി:  പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസിന് കീഴില്‍ കേരള ബാസ്റ്റേഴ്‌സ് ഇന്ന് മത്സരത്തിനിറങ്ങുന്നു. പുനെ എഫ്‌സിയാണ് എതിരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് എട്ട് മണിക്കാണ് മത്സരം. പരിക്ക് മാറിയ ബെര്‍ബറ്റോവ് ഇന്ന് കളിക്കും

തുടര്‍ത്തോല്‍വികള്‍ പഴങ്കഥയാക്കുയാണ് ഡേവിഡ് ജെയിംസിന് കീഴില്‍ വീണ്ടും കളിക്കാനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. ലീഗ് പകുതിയാകാറായപ്പോള്‍ എഴ് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. അതുകൊണ്ട് തന്നെ പുനെ എഫ്‌സിയ്ക്ക് എതിരെ ജയത്തില്‍ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല. പരിക്ക് മാറി കളിക്കാനിറങ്ങുന്ന ദിമിദേവ് ബെര്‍ബറ്റോവിലാണ് ടീമിന്റെ പ്രതീക്ഷ. ആദ്യമത്സരങ്ങളിലെ കളിമികവ് ബെര്‍ബറ്റോവ് വീണ്ടും പുറത്തെടുത്താല്‍ മുന്‍നിരയിലേക്ക് പന്തെത്തുമെന്നും ഗോള്‍ നേടാനാകുമെന്നുമാണ് കണക്ക് കൂട്ടല്‍. 

എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ ഗോള്‍ നേടിയ സി.കെ. വിനീതിന് പരിക്കേറ്റത് നിരാശ പകരുന്നു. അതേസമയം കഴിഞ്ഞ ദിവസം ടീമിന്റെ ചുമതലയേറ്റെടുത്ത പരിശീലകന്‍ ഡേവിഡ് ജെയിംസ് ടീം ഘടനയില്‍ മാറ്റം വരുത്തി കളിക്കാരില്‍ ഉണര്‍വ്വുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കളിക്കാരുടെ പൊസിഷനില്‍ മാറ്റം വന്നാലും അത്ഭുതപ്പെടാനില്ല.

മറുവശത്ത് ശക്തരാണ് പുനെ എഫ്‌സി. ലീഗില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പുനെ കളിച്ച എട്ട് മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് തോറ്റത്. ഗോള്‍ മെഷീനുകളായ മാര്‍സിലോഞ്ഞോയെയും അല്‍ഫാരോയേയും പിടിച്ച് കെട്ടാനായില്ലെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിസന്ധിയിലാകും. മത്സരത്തിന് പഴയപോലെ കാണികള്‍ എത്തുമോ എന്ന ആശങ്കയും സംഘാടകര്‍ക്കുണ്ട്. ബുധനാഴ്ച വരെ മത്സരത്തിന്റെ ആറായിരം ടിക്കറ്റുകള്‍ മാത്രമാണ് ഓണ്‍ലൈന്‍ വഴി വിറ്റഴിഞ്ഞിരിക്കുന്നത്.

click me!