വിജയ് ഹസാരെ ട്രോഫിയിൽ മധ്യപ്രദേശിനെതിരായ മത്സരത്തിൽ കേരളത്തിന് 215 റൺസ് വിജയലക്ഷ്യം. 

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ മധ്യ പ്രദേശിനെതിരായ മത്സരത്തില്‍ കേരളത്തിന് 215 റണ്‍സ് വിജയലക്ഷ്യം. അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മധ്യ പ്രദേശ് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഹിമാന്‍ഷു മന്ത്രിയുടെ (105 പന്തില്‍ 93) ഇന്നിംഗ്‌സിന്റെ കരുത്തില്‍ മാന്യമായ സ്‌കോര്‍ നേടുകയായിരുന്നു. കേരളത്തിന് വേണ്ടി അങ്കിത് ശര്‍മ നാലും ബാബാ അപരാജിത് മൂന്നും വിക്കറ്റ് വീഴ്ത്തി. അതേസമയം, തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്.

Add Asianetnews as a Preferred SourcegooglePreferred

മോശമല്ലാത്ത തുടക്കമായിരുന്നു മധ്യ പ്രദേശിന്. ഒന്നാം വിക്കറ്റില്‍ ഹര്‍ഷ് ഗാവ്‌ലി (22) - യാഷ് ദുബെ (13) സഖ്യം 32 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 10-ാം ഓവറില്‍ ദുബെയെ പുറത്താക്കി അങ്കിത് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ഗാവ്‌ലി, ശുഭം ശര്‍മ (3) എന്നിവരെ അടുത്തടുത്ത ഓവറുകളില്‍ അങ്കിത് മടക്കി. തുടര്‍ന്ന് ക്രീസിലെത്തിയ വെങ്കടേഷ് അയ്യര്‍ (8) റണ്ണൗട്ടാവുകയും ചെയ്തത് മധ്യ പ്രദേശിന് തിരിച്ചടിയായി. 22-ാം ഓവറില്‍ രാഹുല്‍ ബതാമിനേയും (3) അങ്കിത് ബൗള്‍ഡാക്കി. ഇതോടെ അഞ്ചിന് 78 എന്ന നിലയിലായി മധ്യ പ്രദേശ്. തുടര്‍ന്ന് മന്ത്രി - സരന്‍ഷ് ജെയ്ന്‍ (9) സഖ്യം 24 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ ബാബാ അപരാജിതിന് മുന്നില്‍ ജെയ്ന്‍ കീഴടങ്ങി. സ്‌കോര്‍ ആറിന് 102. ശിവാംഗ് കുമാര്‍ (0), ആര്യന്‍ പാണ്ഡെ (15) എന്നിവരെ കൂടി അപരാജിത് ബൗള്‍ഡാക്കിയതോടെ മധ്യ പ്രേദശ് എട്ടിന് 144 എന്ന നിലയിലായി. പിന്നീടാണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ച കൂട്ടുകെട്ടുണ്ടായത്. ത്രിപുരേഷ് സിംഗ് (37) - ഹിമാന്‍ഷു സഖ്യം 66 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 46-ാം ഓവറില്‍ ഹിമാന്‍ഷു മടങ്ങുമ്പോള്‍ മധ്യ പ്രദേശിന് 210 റണ്‍സായിരുന്നു. ഏദന്‍ ആപ്പിള്‍ ടോമിന് വിക്കറ്റ് നല്‍കിയ ഹിമാന്‍ഷു ഏഴ് ബൗണ്ടറികള്‍ നേടി. ത്രിപുരേഷ് 46-ാം ഓവറിലും വീണു. കുമാര്‍ കാര്‍ത്തികേയ (1) പുറത്താവാതെ നിന്നു.

നേരത്തെ മൂന്ന് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്. സല്‍മാന്‍ നിസാര്‍, കൃഷ്ണ പ്രസാദ്, ഷറഫുദ്ദീന്‍ എന്നിവര്‍ തിരിച്ചെത്തി. അഹമ്മദ് ഇമ്രാന്‍, അഭിഷേക് നായര്‍, അഖില്‍ സ്‌കറിയ എന്നിവരാണ് വഴി മാറിയത്.

കേരളം: രോഹന്‍ കുന്നുമ്മല്‍ (ക്യാപ്റ്റന്‍), സല്‍മാന്‍ നിസാര്‍, കൃഷ്ണ പ്രസാദ്, ബാബ അപരാജിത്, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് ഷറഫുദ്ദീന്‍, അങ്കിത് ശര്‍മ്മ, എം ഡി നിധീഷ്, വിഘ്‌നേഷ് പുത്തൂര്‍, ഏദന്‍ ആപ്പിള്‍ ടോം.

YouTube video player