ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയില്‍ വരുന്നു

By Web DeskFirst Published Jan 17, 2017, 9:28 AM IST
Highlights

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അഹമ്മദാബാദില്‍ തറക്കല്ലിട്ടു. 54000 പേര്‍ക്കിരിക്കാവുന്ന മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡ‍ിയമാണ് നവീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാക്കി മാറ്റുന്നത്. 700 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന സ്റ്റേഡിയത്തിന് നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ ഒരുലക്ഷത്തി പതിനായിരം പേരെ ഉള്‍ക്കൊള്ളാനാവും. ഇതോടെ സീറ്റിംഗ് ശേഷിയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി ഇതുമാറും. ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയ്ക്കാണ് 63 ഏക്കറില്‍ പരന്നു കിടക്കുന്ന മൊട്ടേര സ്റ്റേഡിയത്തിന്റെ നവീകരണ കരാര്‍ നല്‍കിയിരിക്കുന്നത്.

90000 പേര്‍ക്കിരിക്കാവുന്ന ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് സീറ്റീംഗ് ശേഷിയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. നാല് ഡ്രസ്സിംഗ് റൂമുകള്‍, ക്ലബ്ബ് ഹൗസ്, ഒളിംപിക്സിലേതിന് സമാനമായ സ്വിമ്മിംഗ് പൂളുകള്‍ 76 കോര്‍പറേറ്റ് ബോക്സുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് സ്റ്റേഡിയം.

12 ടെസ്റ്റുകള്‍ക്കും 24 ഏകദിനങ്ങള്‍ക്കും വേദിയായിട്ടുള്ള മൊട്ടേര ഇന്ത്യയുടെ ഭാഗ്യവേദി കൂടിയായിരുന്നു. 1982ലാണ് മൊട്ടേര സ്റ്റേഡിയത്തില്‍ ആദ്യ മത്സരം അരങ്ങേറിയത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. നേരത്തെ ഒരുലക്ഷം പേര്‍ക്കിരിക്കാമായിരുന്ന ഈഡനില്‍ നവീകരണത്തിനുശേഷം 66000 പേര്‍ക്ക് മാത്രമെ കളി കാണാനാവു.

click me!