വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇവര്‍ ടീമിലുണ്ടാവുമോ ?

By Web TeamFirst Published Sep 12, 2018, 2:48 PM IST
Highlights

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കഴിഞ്ഞപ്പോള്‍ ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യന്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നത് വളരെ കുറച്ചു താരങ്ങള്‍ മാത്രമാണ്. ബാറ്റിംഗ് നിരയില്‍ ക്യാപ്റ്റന്‍ വിരാട് കോലി തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ ചേതേശ്വര്‍ പൂജാരയും ഒരു പരിധിവരെ അജിങ്ക്യാ രഹാനെയും പിടിച്ചു നില്‍ക്കാവുന്ന പ്രകടനം പുറത്തെടുത്തു.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കഴിഞ്ഞപ്പോള്‍ ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യന്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നത് വളരെ കുറച്ചു താരങ്ങള്‍ മാത്രമാണ്. ബാറ്റിംഗ് നിരയില്‍ ക്യാപ്റ്റന്‍ വിരാട് കോലി തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ ചേതേശ്വര്‍ പൂജാരയും ഒരു പരിധിവരെ അജിങ്ക്യാ രഹാനെയും പിടിച്ചു നില്‍ക്കാവുന്ന പ്രകടനം പുറത്തെടുത്തു. വിരാട് കോലി കഴിഞ്ഞാല്‍ പേസ് ബൗളര്‍മാരായിരുന്നു ശരിക്കും ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ തലയെടുപ്പായി നിന്നത്. ഭുവനേശ്വര്‍ കുമാറിന്റെ അഭാവത്തിലും മുന്നില്‍ നിന്ന് നയിച്ച ഇഷാന്ത് ശര്‍മ ശരിക്കും ബൗളിംഗ് നായകനുമായി. മുഹമ്മദ് ഷാമിയും ജസ്പ്രീത് ബൂമ്രയും ഉമേഷ് യാദവും ഒരുപോലെ മികവ് കാട്ടിയവരാണ്.

എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തവരുടെ കാര്യമെടുത്താല്‍ നിരവധിപേരുണ്ട് ഈ ടിമില്‍. ഓപ്പണിംഗില്‍ നിരാശപ്പെടുത്തിയ മുരളി വിജയ് മൂന്നാം ടെസ്റ്റിനുശേഷം നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ശീഖര്‍ ധവാന് മികച്ച തുടക്കങ്ങള്‍ പലതും മുതലാക്കാനായില്ല. വിന്‍ഡീസിനെതിരായ പരമ്പരയില്‍ ധവാന്‍ ടീമിലുണ്ടായാല്‍ അത്ഭുതമെന്നേ കരുതനാവൂ. അവസരങ്ങള്‍ നഷ്ടമാക്കി ലോകേഷ് രാഹുലും നിരാശപ്പെടുത്തിയെങ്കിലും അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിലെ വിരോചിത സെഞ്ചുറി ഒരുപക്ഷെ ടീമില്‍ രാഹുലിന്റെ ടെസ്റ്റ് കരിയര്‍ നീട്ടിയേക്കും. വിന്‍ഡീസിനെതിരെ ഓപ്പണറായി രാഹുല്‍ എത്തുമെന്നുതന്നെയാണ് കരുതുന്നത്.

ഇന്ത്യന്‍ പിച്ചുകളില്‍ ഏറെ വിശ്വസ്തനായ ചേതേശ്വര്‍ പൂജാരയും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. ക്യാപ്റ്റന്‍ വിരാട് കോലി കഴിഞ്ഞാല്‍ എത്തുന്ന അജിങ്ക്യാ രഹാനെ ഇത്തവണ പ്രതീക്ഷക്കൊത്ത പ്രകടനമല്ല ഇംഗ്ലണ്ടില്‍ കാഴ്ചവെച്ചത്. എങ്കിലും വിന്‍ഡീസിനെതിരെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രഹാനെ കളിക്കുമെന്നുതന്നെയാണ് കരുതുന്നത്. കരുണ്‍ നായരെയും മയാങ്ക് അഗര്‍വാളിനെപ്പോലുള്ളവര്‍ പുറത്തുനില്‍ക്കുന്നത് രഹാനെയുടെ സമ്മര്‍ദ്ദം കൂട്ടുന്നുണ്ട്.

വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഒരുപക്ഷെ ദിനേശ് കാര്‍ത്തിക് തന്റെ കരിയറിലെ അവസാന ടെസ്റ്റായിരിക്കും ഇംഗ്ലണ്ടില്‍ കളിച്ചിരിക്കുക. പ്രത്യേകിച്ച് റിഷഭ് പന്ത് അവസാന ടെസ്റ്റില്‍ സെഞ്ചുറി നേടിയ സാഹചര്യത്തില്‍. ഹര്‍ദ്ദീക് പാണ്ഡ്യയെ ഇന്ത്യന്‍ പിച്ചുകളില്‍ ഓള്‍ റൗണ്ടറായി സെലക്ടര്‍മാര്‍ നിലനിര്‍ത്തുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്. രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുകയാണെങ്കില്‍ അത് ജഡേജയും അശ്വിനും തന്നെയാകും. ഇംഗ്ലണ്ടില്‍ അശ്വിന്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യന്‍ പിച്ചുകളില്‍ അദ്ദേഹം അനിവാര്യനാണ്. പരിക്ക് ഭേദമായാല്‍ അശ്വിന്‍ ടീമിലുണ്ടാവും.

മൂന്നാം പേസറായി മാത്രം പാണ്ഡ്യയെ ഇന്ത്യന്‍ പിച്ചില്‍ പരിഗണിക്കാനുമാവില്ല. ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയാല്‍ ഇംഗ്ലണ്ടില്‍ അവസരം ലഭിക്കാതിരുന്ന ഷര്‍ദ്ദുല്‍ ഠാക്കൂറിനും ടമില്‍ സ്ഥാനം നിലനിര്‍ത്താനേയേക്കില്ല. ഒക്ടോബര്‍ നാലിനാണ് വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ഇതിന് മുമ്പ് ഇന്ത്യ ഏഷ്യാ കപ്പില്‍ കളിക്കുന്നുണ്ട്.

click me!